
ഭുവനേശ്വർ: ഒഡിഷയിലെ ഖുർദയിൽ ഇന്നലെ ബി.ജെ.പി പ്രവർത്തകർക്ക് നേരെ എം.എൽ.എയുടെ വാഹനം ഇടിച്ചുകയറി പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ 24 പേർക്ക് പരിക്കേറ്റു.അഞ്ച് പേരുടെ നില ഗുരുതരമാണ്. ചിലിക്ക എം.എൽ.എ പ്രശാന്ത് ജഗ്ദേവിന്റെ എസ്.യു.വിയാണ് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയത്. സംഭവത്തെ തുടർന്ന് ജനക്കൂട്ടം എം.എൽ.എയെ മർദ്ദിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ബാൻപൂർ പഞ്ചായത്ത് ഓഫീസിന് പുറത്ത് 200 ഓളം ബി.ജെ.പി പ്രവർത്തകർ ഒത്തുകൂടിയിരുന്നു. ഇവരുടെ ഇടയിലേക്കാണ് ജഗ്ദേവ് എസ്.യു.വിയുമായി എത്തിയത്. ഓഫീസിലേക്ക് ജഗ്ദേവിന്റെ വാഹനം എത്തിയപ്പോൾ പൊലീസുകാരും ബി.ജെ.പി പ്രവർത്തകരും ചേർന്ന് തടഞ്ഞു. തുടർന്ന് എം.എൽ.എ വീണ്ടും വാഹനം മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്.
മർദ്ദനത്തിൽ ജഗ്ദേവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒഡിഷയിലെ ഭരണകക്ഷിയായ ബിജു ജനതാദൾ എം.എൽ.എ ആയിരുന്ന ജഗ്ദേവിനെ ഒരു വർഷം മുൻപ് പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സസ്പെൻഡ് ചെയ്തിരുന്നു.