
കൊൽക്കത്ത: ഐ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോകുലം കേരള എഫ്.സി കെങ്കറെ എഫ്.സിയെ രണ്ടിനെതിരെ ആറു ഗോളുകൾക്കു തകർത്തു. ഗോകുലത്തിനായി സ്ലോവേനിയൻ താരം ലുക്കാ മജ്‌സെൻ ഹാട്രിക്കുമായി മിന്നിത്തിളങ്ങി. മലയാളി താരങ്ങളായ എം.സ് ജിതിൻ, താഹിർ സമാൻ, മുഹമ്മദ് ഉവായിസ് എന്നിവർ ഓരോ ഗോൾ വീതം നേടി.
കഴിഞ്ഞ മത്സരത്തിൽ റിയൽ കാശ്മീരിനെ 5 -1 ഗോകുലം തോൽപ്പിച്ചിരിന്നു. നാലു മത്സരങ്ങളിൽ നിന്നും പത്തു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗോകുലം.
ആദ്യ പകുതി മുഴുവനും ഗോകുലത്തിന്റെ ആധിപത്യം ആയിരിന്നു. കളിയുടെ മൂന്നാം മിനിറ്റിൽ തന്നെ ലൂക്കയുടെ ഗോളിലൂടെ ഗോകുലം മുന്നിലെത്തി.
കാശ്മീരിന് എതിരെ ഗോൾ നേടിയ ജിതിന്റെ വകയായിരിന്നു ഗോകുലത്തിന്റെ രണ്ടാം ഗോൾ. എമിൽ ബെന്നിയുടെ ലോംഗ് ബാൾ നെഞ്ചിൽ ഒതുക്കി, മുന്നേറിയ ജിതിൻ 16-ാം മിനിട്ടിൽ തന്റെ രണ്ടാം ഐ ലീഗ് ഗോൾ നേടുകയായിരിന്നു.
രണ്ട് മിനിട്ടിനുള്ലിൽ എമിൽ ബെന്നിയുടെ തന്നെ പാസിൽ നിന്ന് കോഴിക്കോടുകാരന് താഹിർ സമാൻ ഗോകുലത്തിന്റെ മൂന്നാം ഗോൾ നേടി.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ 47, 48 മിനിട്ടുകളിൽ സ്കോർ ചെയ്ത് ലുക്കാ മജ്‌സെൻ ഹാട്രിക്ക് പൂർത്തിയാക്കിയപ്പോൾ ഗോകുലത്തിന്റ അക്കൗണ്ടിൽ അഞ്ച് ഗോളായി. 89-ാം മിനിട്ടിൽ നിലമ്പൂർ സ്വദേശി മുഹമ്മദ് ഉവായിസ് ഇടങ്കാലൻ ഷോട്ടിലൂടെ ഗോകുലത്തിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. കെങ്കറെ യ്ക്ക് വേണ്ടി മാർട്ടിൻ, ലെസ്റ്റർ ഫെർണാണ്ടസ് എന്നിവരാണ് സ്കോർ ചെയ്തത്. 21ന് ട്രാവു എഫ് സിക്ക് എതിരെ കല്യാണി സ്റ്റേഡിയത്തിലാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.