vbgg

കൊച്ചി: സിനിമാ നടീനടന്മാർ ഉൾപ്പെടെയുള്ള പ്രമുഖരുടെ മേക്കപ്പ്മാനെതിരെ പീഡനപരാതിയിൽ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയും ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റുമായ അനീസ് അൻസാരിക്കെതിരെയാണ് കേസ്. സാമൂഹിക മാദ്ധ്യമങ്ങളിൽ മീടൂ ആരോപണം ഉയർന്നതിന് പിന്നാലെ ഇയാൾ വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനീസിന്റെ ചക്കരപ്പറമ്പിലെ മേക്കപ്പ് സ്റ്റുഡിയോയിൽ വച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നുകാട്ടി കേരളത്തിന് വെളിയിൽ താമസിക്കുന്ന മൂന്ന് യുവതികൾ ഇമെയിൽ വഴിയാണ് പരാതി നൽകിയത്. ടാറ്റു ചെയ്യുന്നതിനിടെ യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന മീടൂ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് മേക്കപ്പ് ആർട്ടിസ്റ്റിൽ നിന്നുണ്ടായ ദുരനുഭവം തുറന്നുകാട്ടി യുവതികൾ പൊലീസിനെ സമീപിച്ചത്. ഈമാസം നാലിന് അനീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു യുവതി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന് യുവതികളുടെ ഇമെയിൽ പരാതികൾ ലഭിച്ചത്. മൂന്ന് പരാതികളിലേയും ഉള്ളടക്കം ഗൗരവമാണെന്ന് വിലയിരുത്തിയ പൊലീസ്, പരാതിയിൽ ഒപ്പ് രേഖപ്പെടുത്തി വീണ്ടും നൽകാൻ ആവശ്യപ്പെട്ടു. വൈകിട്ടോടെ യുവതികൾ ഒപ്പ് രേഖപ്പെടുത്തി പരാതി നൽകി. തുടർന്ന് പാലാരിവട്ടം പൊലീസ് പ്രത്യേകമായി മൂന്ന് കേസുകൾ രജിസ്റ്റ‌ർ ചെയ്യുകയായിരുന്നു.

2021ലാണ് പീഡനപരാതിക്ക് ഇടയാക്കിയ ഒടുവിലത്തെ സംഭവം. 2015ലാണ് മറ്റ് രണ്ട് കേസുകൾക്ക് ആസ്പദമായ സംഭവം നടന്നത്. കല്യാണമേക്കപ്പിനായാണ് യുവതികൾ ഇയാളുടെ സ്ഥാപനത്തിലെത്തിയത്. കൊച്ചിയിലെ സ്ഥാപനത്തിൽ മേക്കപ്പ് ചെയ്യാനെത്തിയതന്നെ ലൈംഗിക ചൂഷണത്തിന് ഇരയായെന്നായിരുന്നു യുവതി സമൂഹ മാദ്ധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞത്.

അനീസിന് കൊച്ചിയിൽ രണ്ട് മേക്കപ്പ് സ്റ്റുഡിയോകളും ഒരു മേക്കപ്പ് അക്കാഡമിയുമുണ്ട്. ഇയാൾക്ക് കേരളത്തിന്റെ വിവിധയിടങ്ങളിൽ മേക്കപ്പ് സ്റ്റുഡിയോകളുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. അതേസമയം പ്രമുഖ ടാറ്റു ആർട്ടിസ്റ്റ് അറസ്റ്റിലായ പീഡനക്കേസിലെ തുടർനടപടികൾ പൊലീസിന് തലവേദനായി. യുവതികൾ മജിട്രേറ്റിന് മുന്നിൽ ഹരാജാകാൻ എത്താൻ മടിക്കുന്നതാണ് നടപടി ഇഴയാൻ കാരണം.