
കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി 20 പ്രവർത്തകനായിരുന്ന ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സി.പി.എം പ്രവർത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽനിന്ന് മാറ്റണമന്നാവശ്യപ്പെട്ട് ദീപുവിന്റെ പിതാവ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കുന്നത്തുനാട് എം.എൽ.എയ്ക്കെതിരായ വിളക്കണയ്ക്കൽ സമരത്തെത്തുടർന്ന് ഫെബ്രുവരി 12നാണ് ദീപു ആക്രമിക്കപ്പെട്ടത്. തുടർന്ന് ചികിത്സയിൽ കഴിയവെ 18 ന് മരിച്ചു. കേസിൽ സി.പി.എം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്മാൻ, സി.പി.എം പ്രവർത്തകരും ചേലക്കുളം സ്വദേശികളുമായ സൈനുദ്ദീൻ, ബഷീർ, അസീസ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.
ഇവരുടെ ജാമ്യാപേക്ഷയിൽ തനിക്ക് കോടതിയിൽനിന്ന് നോട്ടീസ് ലഭിച്ചില്ലെന്ന് ഹർജിക്കാരൻ പറയുന്നു. ജാമ്യഹർജിയെ എതിർത്ത് വക്കാലത്ത് ഫയൽചെയ്തു. എഫ്.ഐ.ആറിന്റെ പകർപ്പ് ഉൾപ്പെടെ നൽകിയില്ലെന്നും കേസിലെ അന്വേഷണപുരോഗതി അറിയിച്ചില്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്ന നിയമത്തിലെ സെക്ഷൻ 15 പ്രകാരം ഇതിന് അവകാശമുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചെങ്കിലും ഇത്തരത്തിൽ നിയമത്തെ വ്യാഖ്യാനിക്കാനാവില്ലെന്ന നിലപാടാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി സ്വീകരിച്ചതെന്ന് ഹർജിയിൽ പറയുന്നു.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ പിതാവ് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയാണെന്നും പാർട്ടിയിൽ ഉന്നതസ്ഥാനം വഹിക്കുന്ന വ്യക്തിയാണെന്നും പിന്നീടറിഞ്ഞു. രാഷ്ട്രീയവൈരാഗ്യത്തെത്തുടർന്നുള്ള കൊലപാതകമാണിത്. ആ നിലയ്ക്ക് സി.പി.എം പ്രവർത്തകർ പ്രതികളായ ഈ കേസിൽ ന്യായമായ വിചാരണ നടക്കില്ലെന്ന് ആശങ്കയുണ്ടെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നുമാണ് ഹർജിയിലെ ആവശ്യം.