
പാലക്കാട്: പഴമ്പാലക്കോട് ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തിൽ യുവമോർച്ച പ്രവർത്തകൻ മരിക്കാനിടയായത് ഹൃദയത്തിൽ പേനാകത്തി പോലെയുളള ആയുധം കൊണ്ടുളള കുത്തേറ്റെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. മാർച്ച് രണ്ടിനാണ് യുവമോർച്ച പ്രവർത്തകൻ അരുൺകുമാറിന് കുത്തേറ്റത്. ആക്രമണത്തെ തുടർന്ന് തലച്ചോറിലേക്കുളള രക്തപ്രവാഹം തടസപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചിരുന്നു.സംഭവദിവസം തന്നെ കേസിലുൾപ്പെട്ട ആറ് പ്രതികളെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഏഴാം പ്രതി മിഥുനായി അന്വേഷണം വ്യാപിപ്പിച്ചു. ഇന്നലെ ഉച്ചയോടെ അരുൺകുമാർ മരിച്ചതോടെ ബിജെപി ആലത്തൂർ താലൂക്കിൽ ഹർത്താൽ ആചരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ പോസ്‌റ്റ്മോട്ടത്തിന് ശേഷം മൃതദേഹം പാലക്കാട് ജില്ലയിലെ പ്‌ളാഴിയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ഏറ്റുവാങ്ങി. പാർട്ടി പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ ഐവർമഠത്തിൽ മൃതദേഹം സംസ്‌കരിച്ചു.