kk

ന്യൂഡൽഹി: ഭാര്യയുടേത് പുരുഷ ജനനേന്ദ്രിയം ആണെന്നും വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് യുവാവ് സുപ്രീം കോടതിയിൽ ഹർജി നൽകി. ഹർജി ആദ്യം ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, എം.എം. സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചിരുന്നില്ല. എന്നാൽ ഭാര്യക്ക് പുരുഷ ജനനേന്ദ്രിയവും ഇംപെർഫോറേറ്റ് ഹൈമെൻ (കന്യാചർമത്തിൽ ദ്വാരം ഉണ്ടാകാത്ത വൈകല്യം) എന്ന അവസ്ഥയും ഉണ്ടെന്ന് വെളിപ്പെടുത്തുന്ന മെഡിക്കൽ റിപ്പോർട്ട് യുവാവ് ഹാജരാക്കിയതിനെ തുടർന്ന് കേസ് പരിഗണിച്ച് യുവതിയോട് വിശദീകരണം തേടി.

അവൾ ഒരു പുരുഷനാണ്. എന്റെ കക്ഷി ഒരു പുരുഷനെ വിവാഹം കഴിച്ച് വഞ്ചിക്കപ്പെട്ട കേസാണിതെന്ന് യുവാവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ.കെ. മോഡി വാദിച്ചു. ജനനേന്ദ്രിയത്തെക്കുറിച്ച് ഭാര്യക്ക് അറിയാമായിരുന്നുവെന്നും കോടതിയിൽ അദ്ദേഹം പറഞ്ഞു. വഞ്ചനാക്കുറ്റത്തിന് യുവതിക്ക് സമൻസ് അയച്ച ജുഡിഷ്യൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കിയ 2021 ജൂണിലെ മദ്ധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെയാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്.


എന്നാൽ 'ഇംപെർഫോറേറ്റ് ഹൈമെൻ ഉള്ളതുകൊണ്ട് മാത്രം സ്ത്രീയല്ലെന്ന് പറയാനാവില്ലെന്നും അവളുടെ അണ്ഡാശയങ്ങൾ സാധാരണ നിലയിലാണെന്ന് മെഡിക്കൽ റിപ്പോർട്ടിലുണ്ടെന്നും കോടതി വ്യക്തമാക്കി. പക്ഷേ 'ഭാര്യക്ക് ഇംപെർഫോറേറ്റ് ഹൈമെൻ മാത്രമല്ല, പുരുഷ ജനനേന്ദ്രിയവുമുണ്ടെന്നും പുരുഷ ജനനേന്ദ്രിയമുള്ളപ്പോൾ അവൾ എങ്ങനെ സ്ത്രീയാകുമെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ ചോദിച്ചു.

തന്റെ ജീവിതം നശിപ്പിച്ചതിന് പിതാവിനും ഭാര്യക്കും ശിക്ഷ നൽകണമെന്നും യുവാവ് ആവശ്യപ്പെട്ടു.
സ്ത്രീധന പീഡനത്തിന് ഭാര്യയും പരാതി നൽകിയിരുന്നു. തുടർന്ന് ആറാഴ്ചക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് യുവതിക്കും പിതാവിനും മദ്ധ്യപ്രദേശ് പൊലീസിനും നോട്ടീസ് അയച്ചു.