
കീവ് : യുക്രെയിനിന്റ തലസ്ഥാനമായ കീവ് പിടിക്കാൻ അതിരൂക്ഷമായ ആക്രമണം നടത്തുന്ന റഷ്യൻ സേന 25 കിലോമീറ്റർ വരെ അടുത്തെന്ന് റിപ്പോർട്ട്. ഏത് നിമിഷവും കീവിൽ അതിശക്തമായ ആക്രമണം നടക്കാം.രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കും സാന്നിദ്ധ്യം വർദ്ധിപ്പിച്ച റഷ്യ ആക്രമണം കടുപ്പിച്ചു.
അധിനിവേശം പതിനേഴാം ദിവസമായപ്പോൾ അഭയാർത്ഥികൾ 19ലക്ഷം കവിഞ്ഞു. 25ലക്ഷം ജനങ്ങളെങ്കിലും അയൽ രാജ്യങ്ങളിൽ അഭയം തേടുമെന്നാണ് യു. എൻ കണക്ക്.
 മേയറെ തട്ടിക്കൊണ്ടുപോയി
യുക്രെയിനിലെ തെക്കുകിഴക്കൻ നഗരമായ മെലിറ്റോപോൾ പിടിച്ചടക്കിയ റഷ്യൻ സേനെ മേയർ ഇവാൻ ഫെഡറോവിനെ തട്ടിക്കൊണ്ടുപോയെന്ന് പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയും യുക്രെയിനിയൻ ഉദ്യോഗസ്ഥരും ആരോപിച്ചു. ശത്രുവുമായി സഹകരിക്കാൻ വിസമ്മതിച്ചതാണ് കാരണമെന്ന് ട്വിറ്ററിൽ അറിയിച്ചു. മേയറെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ജനങ്ങൾ ഇന്നലെ മേയറുടെ ആസ്ഥാനത്തേക്ക് മാർച്ച് ചെയ്‌തു.
മുസ്ലീം പള്ളി ആക്രമിച്ചു
തുറമുഖ നഗരമായ മരിയുപോളിൽ മുസ്ലിം പള്ളിക്ക് നേരെയും റഷ്യ ഷെല്ലാക്രമണം നടത്തിയെന്ന് യുക്രെയിൻ വിദേശമന്ത്രാലയം വ്യക്തമാക്കി. 34 കുട്ടികൾ ഉൾപ്പെടെ 86 തുർക്കി പൗരന്മാരുടെ സംഘം പള്ളിയിൽ അഭയം തേടിയവരിൽ ഉണ്ടായിരുന്നതായി തുർക്കിയിലെ യുക്രെയിൻ എംബസി വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ ആളപായമുണ്ടോ എന്ന് വ്യക്തമല്ല.
കനത്ത ഷെല്ലാക്രമണം
വടക്കൻ നഗരമായ ചെർണീവിൽ ഇന്നലെ കനത്ത ഷെല്ലാക്രമണമാണ് ഉണ്ടായത്. മാനുഷിക ഇടനാഴിയിലൂടെ സാധാരണക്കാരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നതിനിടയിലും റഷ്യ ആക്രമണം കടുപ്പിക്കുന്നതായി കീവിലെ ഗവർണർ അറിയിച്ചു.
മരിയുപോളിന്റെ കിഴക്കൻ പ്രദേശങ്ങളിലും റഷ്യൻ സേന ആധിപത്യമുറപ്പിച്ചെന്നാണ് റിപ്പോർട്ട്. രണ്ടാഴ്ചയിലേറെയായി റഷ്യൻ സേനയുടെ ഉപരോധത്തിലായ മരിയുപോൾ നഗരത്തിൽ ഇതുവരെ 1300ലേറെ സിവിലിന്മാർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
കീവിലെ വാസൈൽകീവ് പട്ടണത്തിന് സമീപം യുക്രെയിന്റെ വ്യോമത്താവളം റഷ്യൻ റോക്കറ്റുകൾ തകർത്തു.
മരിയുപോളിൽ സാധാരണക്കാരെ രക്ഷിക്കാനും ഭക്ഷണവും വെള്ളവും എത്തിക്കാനുമുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും റഷ്യൻ ആക്രമണം തടസമാകുന്നു. കീവ്, സുമി തുടങ്ങിയ നഗരങ്ങളിൽ ഇന്നലെയും ജനങ്ങളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു.
 ഉപരോധങ്ങൾ കൂടുന്നു
ഉടൻ വെടിനിറുത്തണമെന്ന് റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി നടത്തിയ ഫോൺ ചർച്ചയിൽ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ആവശ്യപ്പെട്ടു. പുട്ടിനുമായി അടുത്തബന്ധമുള്ള കൂടുതൽ പേരെ അമേരിക്ക ഉപരോധപട്ടികയിൽ ഉൾപ്പെടുത്തി.
 റഷ്യൻ മേജറെ വധിച്ചെന്ന്
മറ്റൊരു ഉയർന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥനായ മേജർ ജനറൽ ആൻഡ്രെ കൊലെസ്‌നികോവിനെ മരിയുപോളിൽ വധിച്ചതെന്ന് യുക്രെയിൻ അവകാശപ്പെട്ടു. . ഇതോടെ കൊല്ലപ്പെട്ട മുതിർന്ന റഷ്യൻ സൈനിക മേധാവികളുടെ എണ്ണം മൂന്നായി. ആൻഡ്രെയുടെ മരണം റഷ്യ സ്ഥിരീകരിച്ചിട്ടില്ല.
ബഹിരാകാശ നിലയം തകരുമെന്ന് റഷ്യ
ഉപരോധങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യൻ ഘടകങ്ങളുടെ പ്രവർത്തനം തകരാറിലാക്കുമെന്നും അതോടെ 500 ടൺ ഭാരമുള്ള നിലയം കടലിലോ കരയിലോ തകർന്നുവീഴുമെന്നും റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്‌മോസ് നാസയ്‌ക്കും നിലയവുമായി ബന്ധമുള്ള മറ്റ് ബഹിരാകാശ ഏജൻസികൾക്കും മുന്നറിയയിപ്പ് നൽകി.