
കൊച്ചി: ലോഡ്‌ജിൽ അമ്മൂമ്മയുടെ കാമുകൻ ഒന്നര വയസുകാരിയെ മുക്കി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ പിതാവ് അറസ്‌റ്റിൽ. മരിച്ച ഒന്നര വയസുകാരിയുടെ പിതാവ് സജീവനാണ് അറസ്‌റ്റിലായത്. ഇയാളെ സംഭവദിവസം തന്നെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. സംഭവശേഷം ഒളിവിലായിരുന്ന അമ്മൂമ്മ സിപ്‌സിയെ ഇന്ന് പൂന്തുറയിൽ നിന്നും പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
കുഞ്ഞിന്റെ സംരക്ഷണത്തിൽ വീഴ്‌ച വരുത്തിയതിനാൽ ബാലനീതി വകുപ്പ് പ്രകാരമാണ് പിതാവിനെതിരെ കേസെടുത്തത്. കുട്ടിയുടെ പിതൃത്വം ഏൽക്കണം എന്നതിനെ ചൊല്ലി പ്രതിയായ ജോൺ ബിനോയ് ഡിക്രൂസും സിപ്‌സിയും തമ്മിലെ തർക്കമാണ് കുഞ്ഞിന്റെ കൊലപാതകത്തിൽ കലാശിച്ചത്. സംഭവസമയത്ത് സിപ്‌സി മുറിയിലുണ്ടായിരുന്നില്ല. ലോഡ്‌ജിലെ കുളിമുറിയിലെ ബക്കറ്റിൽ മുക്കിയാണ് ജോൺ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇയാൾ സംഭവദിവസം തന്നെ പിടിയിലായിരുന്നു.
നിരവധി കേസുകളിൽ പ്രതികളാണ് സിപ്‌സിയും മകൻ സജീവനും. കെഡി ലിസ്‌റ്റിലും പേരുളളയാളാണ് സിപ്‌സി. ഇന്ന് അറസ്‌റ്റിലായതിന് പിന്നാലെ പൊലീസ് സ്‌റ്റേഷനിലെത്തിയ ഇവർ പൊലീസുകാരെ അസഭ്യം പറയുകയും സ്വന്തം വസ്‌ത്രം ഉരിയാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു.