saudi-arabia

റിയാദ് : സൗദി അറേബ്യയിൽ ഇന്നലെ നടപ്പാക്കിയത് 81 വധശിക്ഷ.! തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 81 പേരുടെ ശിക്ഷയാണ് നടപ്പാക്കിയത്. ഇതാദ്യമായാണ് സൗദിയിൽ ഒറ്റദിവസം ഇത്രയധികം വധശിക്ഷ നടപ്പാക്കുന്നത്.

കഴിഞ്ഞ വര്‍ഷം സൗദിയിൽ നടപ്പാക്കിയ ആകെ വധശിക്ഷയേക്കാൾ കൂടുതൽ പേരെയാണ് ഒറ്റദിവസം കൊണ്ട് ശിക്ഷിച്ചത്. 73 സൗദി പൗരന്മാരും 7 യെമൻ സ്വദേശികളും ഒരു സിറിയൻ പൗരനുമാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ഐസിസ്, അൽ ഖ്വയ്ദ, ഹൂതി വിമതർ തുടങ്ങിയ ഭീകരർ വധശിക്ഷയ്ക്ക് വിധേയമായവരിലുണ്ട്.

ഇതിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടവർ മുതൽ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ ചെയ്തവരുണ്ടെന്നും എല്ലാവരും കുറ്റവാളികളാണെന്ന് തെളിയിക്കപ്പെട്ടെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷാ സേനയിലെ അംഗങ്ങളെ കൊലപ്പെടുത്തിയവരുമിതിലുണ്ട്. 13 ജഡ്ജിമാരുടെ മേല്‍നോട്ടത്തിൽ മൂന്ന് ഘട്ടങ്ങളായാണ് വിചാരണകൾ നടന്നത്. 69 പേരെയാണ് കഴിഞ്ഞ വർഷം സൗദിയിൽ വധശിക്ഷയ്ക്ക് വിധേയമാക്കിയത്.