saudi-arabia

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ശനിയാഴ്ച മാത്രം വധശിക്ഷയ്ക്ക് വിധേയമാക്കിയത് 81 പേരെയെന്ന് വെളിപ്പെടുത്തൽ. സൗദി ഭരണകൂടം തന്നെ ഔദ്യോഗികമായി നൽകിയ കണക്കുകളാണിത്. ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റവാളികളെയാണ് വധിച്ചതെന്ന് സൗദി ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വയ്ദ, ഹൂതി മുതലായ തീവ്രവാദ സംഘടനകളിൽ ഉൾപ്പെട്ടവരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. രാജ്യത്ത് വിവിധ ഇടങ്ങളിൽ ആക്രമണങ്ങൾക്ക് പദ്ധതിയിടുകയും സൗദിയിലേക്ക് ആയുധകടത്ത് നടത്തുകയും ചെയ്തവരെയാണ് വധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. കണക്കുകൾ അനുസരിച്ച് 2021ൽ നടത്തിയ മുഴുവൻ വധശിക്ഷകളേക്കാളും കൂടുതലാണ് കഴിഞ്ഞ ശനിയാഴ്ച മാത്രം സൗദിയിൽ വധിക്കപ്പെട്ടവരുടെ എണ്ണം.

അതേസമയം കഴിഞ്ഞ പത്ത് വർഷമായി സൗദിയിൽ ത‌ടവിലായിരുന്ന ബ്‌ളോഗറും മനുഷ്യാവകാശ പ്രവർത്തകനുമായ റയിഫ് ബദാവിയെ സൗദി അറേബ്യ മോചിപ്പിച്ചു. ലോകമാകവെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും അടയാളമായി മാറികഴിഞ്ഞ ബദാവിയെ മോചിപ്പിച്ചെങ്കിലും അടുത്ത പത്ത് വർഷത്തേക്ക് രാജ്യം വിട്ടുപോകരുതെന്ന് വിലക്കുണ്ട്.

2014ലാണ് പത്ത് വർഷത്തെ തടവിന് ബദാവിയെ സൗദി കോടതി ശിക്ഷിക്കുന്നത്. ഇതിന് പുറമേ ഓരോ ആഴ്ചയും 50 ചാട്ടയടി വീതം പ്രത്യേകം നൽകാനും കോടതി വിധിയുണ്ടായിരുന്നു. ജെദ്ദാ സ്ക്വയറിൽ വച്ച് അദ്ദേഹത്തിന് നൽകിയ ആദ്യ ചാട്ടവാറടി ലോകശ്രദ്ധ പിടിച്ചുപറ്റുകയും അതിക്രൂരവും പൈശാചികവുമായ നടപടിയെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിക്കുകയും ചെയ്തിരുന്നു.

38കാരനായ ബദാവിക്ക് അടുത്ത പത്ത് വർഷത്തേക്ക് രാജ്യം വിട്ടുപോകാൻ സാധിക്കില്ലെന്നും സൗദി ഭരണകൂടത്തിന്റെ മാപ്പ് ലഭിച്ചാൽ മാത്രമേ ഈ ഉത്തരവിന് ഇളവ് ലഭിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. ബദാവിയുടെ ഭാര്യയും കുഞ്ഞുങ്ങളും നിലവിൽ കാനഡയിലാണ്. ജയിൽ മോചിതനായ ശേഷം ബദാവി തങ്ങളെ ബന്ധപ്പെട്ടിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യ മാദ്ധ്യമങ്ങളോട് പറഞ്ഞു.