pink-test

പിങ്ക് ബാളിൽ നിറഞ്ഞാടി ബൗളർമാർ

ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 252ന് പുറത്ത്

ശ്രീലങ്കയ്ക്ക് വലിയ തകർച്ച 85/6


ചിന്നസ്വാമി: പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റിൽ ഇന്ത്യയെ ഒന്നാം ഇന്നിംഗ്സിൽ 252റൺസിന് പുറത്താക്കിയെങ്കിലും തുടർന്ന് ബാറ്റിംഗിനിറങ്ങി കൂട്ടത്തകർച്ച നേരിട്ട ശ്രീലങ്ക ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 85/6 എന്ന നിലയിൽ പ്രതിസന്ധിയിൽ. ഒന്നാം ഇന്നിംഗ്സിൽ ഇനി നാല് വിക്കറ്റ് മാത്രം അവശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 166 റൺസ് പിന്നാലാണ് ശ്രീലങ്ക. ആദ്യ മത്സരത്തിൽ വമ്പൻ ജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. ഡേ നൈറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനമായി ഇന്നലെ ചിന്നസ്വാമിയിൽ 16 വിക്കറ്റാണ് വീണത്.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പിങ്ക് ബാളിന് മുന്നിൽ പതറിപ്പോയ ഇന്ത്യയെ ശ്രേയസ് അയ്യരുടെ (92)​ തകർപ്പൻ ചെറുത്ത് നിൽപ്പാണ് 252ൽ എത്തിച്ചത്. 98 പന്ത് നേരിട്ട് 10 ഫോറും4 സിക്സും ഉൾപ്പെട്ടതാണ് ശ്രേയസിന്റെ ഇന്നിംഗ്സ്. ശ്രേയസിനെക്കൂാടാതെ 26 പന്തിൽ 7 ഫോറുൾപ്പെടെ 39 റൺസെടുത്ത റിഷഭ് പന്തിനും ഹനുമ വിഹാരിക്കും (31)​ മാത്രമേ ഭേദപ്പെട്ട പ്രകടനം ഇന്ത്യൻ ബാറ്റർമാരിൽ പുറത്തെടുക്കാനായുള്ലൂ. രോഹിത് (4)​,​ മായങ്ക് (15)​,​വിരാട് കൊഹ്‌ലി (23)​,​ രവീന്ദ്ര ജഡേജ (4)​,​ അശ്വൻ (13)​ എന്നിവർക്കൊന്നും നന്നായി ബാറ്റ് ചെയ്യാനായില്ല. തുടർച്ചയായ ഇടവേളകളിൽ ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു.

ലങ്കയ്ക്കായി എംബുൾഡേന്യ,​ ജയ വിക്രമ,​ ധനഞ്ജയ എന്നിവ‌ർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ലങ്കൻ ബാറ്റർമാരും രാത്രി പിങ്ക് ബാളിന് മുന്നിൽ പരുങ്ങുകയായിരുന്നു. കുശാൽ മെൻഡിസിനെ (2)​ ടീം സ്കോർ രണ്ടിൽ വച്ച് ശ്രേയസിന്റെ കൈയിൽ എത്തിച്ച് ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഒരു ഘട്ടത്തിൽ 5/50 എന്ന നിലയിലായിരുന്നു ലങ്ക. 43 റൺസെടുത്ത മാത്യൂസാണ് ലങ്കയുട ഇന്നലത്തെ ടോപ് സ്കോറർ. ഡിക്‌വെല്ലെയും (0)​,​ എംബുൾഡേന്യയുമാണ് (1)​ സ്റ്റമ്പെടുക്കുമ്പോൾ ക്രീസിൽ. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷമി രണ്ടും ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ അക്ഷർ ഒരു വിക്കറ്റും വീഴ്ത്തി.