sainikhesh

കോയമ്പത്തൂർ: റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ യുക്രെയിൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി സൈനികേഷ് തിരിച്ച് നാട്ടിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് പിതാവ് രവിചന്ദ്രൻ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തോടാണ് രവിചന്ദ്രൻ ഇക്കാര്യം അറിയിച്ചത്. മകന്റെ ആവശ്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് സൈനികേഷിനെ കണ്ടെത്തി മടക്കി കൊണ്ട് വരാമെന്ന് അവർ ഉറപ്പ് നൽകിയതായും രവിചന്ദ്രൻ പറഞ്ഞു.

താൻ മകനുമായി മൂന്ന് ദിവസം മുമ്പാണ് സംസാരിച്ചതെന്നും അന്ന് തിരിച്ച് നാട്ടിലേക്ക് മടങ്ങിവരാൻ അവൻ സമ്മതം അറിയിച്ചിരുന്നതായും രവിചന്ദ്രൻ പറഞ്ഞു. അതിന് ശേഷം ഇതുവരെയായും തനിക്ക് മകനുമായി സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും എത്രയും പെട്ടെന്ന് മകനെ നാട്ടിലേക്ക് മടക്കിയെത്തിക്കാമെന്ന് സർക്കാർ വൃത്തങ്ങൾ ഉറപ്പുനൽകിയതായും സൈനികേഷിന്റെ പിതാവ് പറഞ്ഞു.

അതേസമയം സൈനികേഷിനെ യുദ്ധമുഖത്ത് നിന്നും കണ്ടെത്തുകയെന്നത് ഇനി ദുഷ്കരമായിരിക്കുമെന്നാണ് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നത്. യുദ്ധം തുടങ്ങുന്നതിന് മുമ്പും അതിന് ശേഷവും യുക്രെയിൻ വിടണമെന്ന ഒരു മുന്നറിയിപ്പുകളും സൈനികേഷ് വകവച്ചിരുന്നില്ലെന്നും ഇന്നേവരെ യുക്രെയിനിലെ ഇന്ത്യൻ എംബസിയുമായി സൈനിഖേഷ് ബന്ധപ്പെട്ടിട്ടില്ലെന്നും ഈ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മാതാപിതാക്കൾ യുക്രെയിൻ വിട്ട് ഇന്ത്യയിലേക്ക് മടങ്ങിവരുന്നതിനെ കുറിച്ച് പറയുമ്പോൾ എന്തെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ് മാറിനിൽക്കുകയായിരുന്നു സൈനികേഷെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.