
തിരുവനന്തപുരം: ഡി.ജി.പി അനിൽകാന്ത് ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശി റോമാനസ് ചിബ്യൂസിനെ (29) അറസ്റ്റുചെയ്തു. ന്യൂഡൽഹിയിലെ ഉത്തംനഗറിൽ നിന്നാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ഇയാളെ പിടികൂടിയത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതികളുടെ വാട്സ്ആപ്പ് നമ്പർ കരസ്ഥമാക്കിയാണ് പ്രതി തട്ടിപ്പ് നടത്തുന്നത്.
2017 മുതൽ വെസ്റ്റ് ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചുവന്നിരുന്ന ഇയാൾ ഇത്തരത്തിലുള്ള ഓരോ തട്ടിപ്പുകൾ നടത്തിയശേഷം ബാങ്ക് അക്കൗണ്ടുകൾ നിഷ്ക്രിയമാക്കുകയും സിം കാർഡുകളും മൊബൈൽ ഫോണുകളും നശിപ്പിക്കുകയും ചെയ്യും. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ചികിത്സയ്ക്കും ഉന്നതവിദ്യാഭ്യാസത്തിനുമെന്ന പേരിൽ വിസ സംഘടിപ്പിച്ച് ഇന്ത്യയിലെത്തിയ ഇയാൾ പല സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയെന്നും പൊലീസ് പറഞ്ഞു.
പ്രതിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിച്ചതിൽ പല രാജ്യങ്ങളിൽ നിന്നുള്ള പ്രധാന ആശുപത്രികളിലെ ഡോക്ടർമാരുടെയും ശാസ്ത്രജ്ഞന്മാരുടെയും സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് സംഘടിപ്പിക്കുന്ന ചിത്രങ്ങൾ ഉപയോഗിച്ചും, ഇന്ത്യയിലെ പ്രധാന സർക്കാർ ഓഫീസുകളിലെ വെബ്സൈറ്റുകളിൽ നിന്ന് മേധാവിമാരുടെ ചിത്രങ്ങളും മേൽവിലാസവും ഉപയോഗിച്ച നിരവധി വ്യാജ അക്കൗണ്ടുകളും പ്രൊഫൈലുകളും നിർമ്മിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണസംഘം പ്രതിയെ അറസ്റ്റുചെയ്യാൻ ശ്രമിച്ച സമയം പൊലീസ് സംഘത്തെ ആഫ്രിക്കൻ സ്വദേശികൾ തടയാൻ ശ്രമിച്ചെങ്കിലും ഉത്തംനഗർ പൊലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസെത്തിയശേഷമാണ് പ്രതിയെ പിടികൂടാൻ സാധിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇയാളിൽ നിന്ന് നിരവധി എ.ടി.എം കാർഡുകൾ, പാസ്പോർട്ടുകൾ, ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.