camel

ടെന്നസി : യു.എസിലെ ടെന്നസിയിൽ മൃഗശാലയിൽ നിന്ന് പുറത്തുചാടിയ ഒട്ടകത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് ഒബിയോണിലെ ഷേർലി ഫാംസ് പെറ്റിംഗ് സൂവിനടുത്തായിരുന്നു സംഭവം. ഒട്ടകം രണ്ടുപേരെ ആക്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ബോബി മേതെനി (42), ടോമി ഗൺ (67) എന്നിവരെ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

ഇതിനിടെ ഒട്ടകം തങ്ങൾക്ക് നേരെയും ആക്രമണത്തിന് മുതിർന്നതോടെ പൊലീസ് അതിനെ വെടിവച്ചു കൊന്നു.

പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒട്ടകം മൃഗശാലയിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.