russia-war

ലിവിവ്: ഒഴിപ്പിക്കൽ വാഹനവ്യൂഹത്തിനെതിരെ റഷ്യൻ സൈനികർ നിറയൊഴിച്ചതായി യുക്രെയിനിന്റെ ആരോപണം. കീവിലെ പെരെമോഹയിലുള്ള ഗ്രാമീണരെ ഒഴിപ്പിക്കുന്നതിനിടെ അവരുടെ വാഹനവ്യൂഹത്തിന് നേർക്ക് റഷ്യൻ സൈനികർ വെടിവയ്ക്കുകയായിരുന്നെന്ന് യുക്രെയിനിന്റെ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. സംഭവത്തിൽ ഏഴ് ഗ്രാമീണർ മരണമടഞ്ഞതായി യുക്രെയിൻ വൃത്തങ്ങൾ അറിയിച്ചു.

ഗ്രാമീണർക്ക് നേരെ വെടിയുതിർത്ത റഷ്യൻ സംഘം അവരെ തിരിച്ച് പെരെമോഹ ഗ്രാമത്തിലേക്ക് അയച്ചെന്നും ഗ്രാമീണർ നിലവിൽ ഗ്രാമത്തിനുള്ളിൽ കുടുങ്ങികിടക്കുകയാണെന്നും യുക്രെയിൻ സേന പറഞ്ഞു. ഗ്രാമീണർക്ക് മതിയായ വെള്ളമോ ഭക്ഷണമോ പോലും നൽകാൻ റഷ്യൻ സേന അനുവദിക്കുന്നില്ലെന്നും അവരിൽ ചിലർക്ക് വെടിവയ്പ്പിൽ പരിക്കേറ്റതായി സംശയമുണ്ടെന്നും യുക്രെയിൻ സേന അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി 24ന് തുടങ്ങിയ റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിനിടെ സാധാരണക്കാരായ ജനങ്ങളെ ഉപദ്രവിച്ചിട്ടില്ല എന്നാണ് റഷ്യയുടെ വിശദീകരണം. റഷ്യൻ സേനയുടെ ആക്രമണത്തിൽ സധാരണക്കാരായ നിരവധി ജനങ്ങൾ മരിച്ചതായി യുക്രെയിൻ നിരന്തരം ആരോപിക്കുന്നുണ്ടെങ്കിലും റഷ്യ അവയെല്ലാം നിഷേധിക്കുകയാണ്.