
ബ്രസൽസ് : മനുഷ്യർ മാത്രമല്ല, റഷ്യൻ അധിനിവേശം അരങ്ങേറുന്ന യുക്രെയിനിൽ നിന്ന് മൃഗങ്ങളും ജീവൻ രക്ഷാർത്ഥം മറ്റ് സുരക്ഷിത സ്ഥാനങ്ങൾ തേടുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിന് മൃഗങ്ങളെയാണ് യുക്രെയിനിൽ നിന്ന് പോളണ്ട് ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലേക്ക് മാറ്റിയത്.
അത്തരത്തിൽ യുക്രെയിനിൽ നിന്ന് ബെൽജിയത്തിലെ ഒരു ആനിമൽ ഷെൽട്ടറിലേക്ക് എത്തിയിരിക്കുകയാണ് സാറും ജാമിലും. 2021 ജനുവരിയിലാണ് ഈ ഇരട്ട ആൺസിംഹങ്ങളുടെ ജനനം. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായിരുന്ന ഇരുവരെയും യുക്രെയിൻ സർക്കാർ ഏറ്റെടുക്കുകയും വരുന്ന മേയിൽ ബെൽജിയൻ മൃഗശാലയ്ക്ക് കൈമാറാൻ നിശ്ചയിച്ചിരിക്കുകയുമായിരുന്നു. ഉടമസ്ഥർ രണ്ട് സിംഹങ്ങളോടും ക്രൂരമായി പെരുമാറിയതോടെയാണ് സർക്കാർ ഏറ്റെടുത്തത്.
എന്നാൽ, റഷ്യൻ അധിനിവേശം സാറിനെയും ജാമിലിനെയും വീണ്ടും പ്രതിസന്ധിയിലാക്കി. സാറിനെയും ജാമിലിനെയും കീവിലാണ് പാർപ്പിച്ചിരുന്നത്. ശക്തമായ ഷെല്ലാക്രമണം ഇരുവരെയും ഭയപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്തു.
ഫെബ്രുവരി 26ന് കീവിൽ നിന്ന് ഏറെ പ്രതിസന്ധികൾ കടന്ന് അഞ്ച് ദിവസം കൊണ്ടാണ് ഇരുവരെയും പോളണ്ടിലെ പൊസ്നാൻ മൃഗശാലയിലെത്തിച്ചത്. യാത്രയ്ക്കിടെ റഷ്യൻ സൈന്യം സംഘത്തെ തടയുകയും സാറിനും ജാമിലിനും ഒപ്പമുണ്ടായിരുന്ന സംരക്ഷകരോട്, തങ്ങൾ സിംഹങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്രെ.
ഏതായാലും റഷ്യൻ സേന സംഘത്തെ കടത്തിവിട്ടതോടെ ഇരുവരും പോളിഷ് അതിർത്തി കടന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും ബെൽജിയത്തിലെ ' നേച്ചർഹൽപ്സെൻട്രം" എന്ന ഷെൽട്ടറിലെത്തിയത്. മൂന്ന് മാസം ഇവയെ ഇവിടെ പരിചരിക്കും. ശേഷം ഉചിതമായ ഇടത്തേക്ക് മാറ്റും.