
പ്രൊഫഷണൽ ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ക്രിസ്റ്റ്യാനൊ റൊണാൾഡോ,
ചരിത്ര നേട്ടം ടോട്ടൻഹാമിനെതിരെ ഹാട്രിക്ക് പകിട്ടിൽ
ലണ്ടൻ: പ്രൊഫഷണൽ ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ. ഇന്നലെ പ്രിമിയർ ലീഗിൽ ടോട്ടൻഹാമിനെതിരായ മത്സരത്തിലാണ് റൊണാൾഡോ ചരിത്ര നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ഹാട്രിക്കുമായി നിറഞ്ഞാടിയ റൊണാൾഡോ രണ്ടാം ഗോൾ നേടിയപ്പോഴാണ് ആസ്ട്രേിയൻ ഇതിഹാസം ജോസഫ് ബിക്കന്റെ പേരിലുള്ല 805 ഗോളുകളുടെ റെക്കാഡ് മറികടന്നത്. പ്രൊഫഷണൽ ഫുട്ബാളിൽ റൊണാൾഡോയുടെ 806-ാം ഗോളായിരുന്നു ഇത്. 83-ാം മിനിട്ടിൽ ഹാട്രിക്ക് തികച്ച റൊണാൾഡോ തന്റെ കരിയറിലെ ആകെ ഗോൾ നേട്ടം 807 ആക്കി.
യുണൈറ്റഡിന്റെ രക്ഷകൻ
മത്സരത്തിൽ റൊണാൾഡോയുടെ ഗോളടി മികവിലാണ് യുണൈറ്റഡ് 3-2ന് ടോട്ടനത്തെ കീഴടക്കിയത്. 12-ാം മിനിട്ടിൽ റൊണാൾഡോയിലൂടെ മുന്നിലെത്തിയ യുണൈറ്റഡിനെതിരെ 35-ാം മിനിട്ടിൽ കേനിന്റെ പെനാൽറ്റി ഗോളിലൂടെ ടോട്ടനം സമനില പിടിച്ചു. 38-ാം മിനിട്ടിൽ റൊണാൾഡോ ചരിത്ര ഗോളിലൂടെ ലീഡുയർത്തിയപ്പോൾ 72-ാം മിനിട്ടിൽ മഗ്യൂറിന്റെ സെൽഫ് ഗോൾ ടോട്ടനത്തെ വീണ്ടും ഒപ്പമെത്തിച്ചു. തുടർന്ന് 83-ാം മിനിട്ടിൽ കോർണറിന് തലവച്ച് റൊണാൾഡോ ഹാട്രിക്കും യുണൈറ്റഡിന്റെ വിജയവും ഉറപ്പിക്കുകയായിരുന്നു..