oil-price

കൊളംബോ: ഒറ്റ ദിവസം കൊണ്ട് ശ്രീലങ്കയിൽ പെട്രോളിന് 77 രൂപയും ഡീസലിന് 55 രൂപയും വർദ്ധിച്ചു. സർക്കാരിന്റെ എണ്ണക്കമ്പനിയായ സിലോൺ പെട്രോളിയമാണ് വില വർദ്ധിപ്പിച്ചത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഉപവിഭാഗമായ ലങ്ക ഐ ഒ സി ലങ്കയിലെ പ്രധാന എണ്ണ വിതരണ കമ്പനിയാണ്. ഐ ഒ സിയും വില കൂട്ടിയതോടെ ശ്രീലങ്കയിൽ എണ്ണ വില ഉയരുകയായിരുന്നു. ശ്രീലങ്കൻ വില അനുസരിച്ച് പെട്രോളിന് 75 രൂപയും ഡീസലിന് 50 രൂപയുമാണ് ഐ ഒ സി വില വർദ്ധിപ്പിച്ചത്. ഇതിന് പിന്നാലെ സിലോൺ പെട്രോളിയം കോർപ്പറേഷൻ പെട്രോളിന് 43.5 ശതമാനവും ഡീസലിന് 45.5 ശതമാനവും വില കൂട്ടി. ശ്രീലങ്കയിൽ ശ്രീലങ്കൻ രൂപ അനുസരിച്ച് പെട്രോളിന് ലിറ്ററിന് 254 രൂപയും ഡീസലിന് 176 രൂപയുമാണ് ഇന്നത്തെ വില.

അതേസമയം, ഇന്ത്യയിൽ പെട്രോൾ വില 25 രൂപ വരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. റഷ്യയിൽ നിന്നുള്ള എണ്ണ വിതരണത്തിന് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുമെന്ന വാർത്തകൾക്ക് പിന്നാലെ ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. ഇതോടെ നൂറിലേറ ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ തുടരുന്ന പെട്രോൾ ഡീസൽ വിലയിലും വർദ്ധനവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം നവംബർ നാലിനാണ് അവസാനമായി ഇന്ധന വില ഉയർന്നത്.