
നെടുങ്കണ്ടം: ദോശയ്ക്ക് ഒപ്പം നൽകിയ സാമ്പാറിന് 100 രൂപ ബില്ല് നൽകിയതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഹോട്ടൽ ഉടമ വിനോദസഞ്ചാരികളെ പൂട്ടിയിട്ടു. കോട്ടയത്ത് നിന്നെത്തിയവർക്കാണ് ദുരനുഭവമുണ്ടായത്. രാമക്കൽമേട് കൊമ്പംമുക്കിലുള്ള സ്വകാര്യഹോട്ടലിൽ മുറിയെടുത്ത് താമസിച്ച സംഘം ഇന്നലെ തിരികെ പോകുന്നതിന് മുമ്പായി ഹോട്ടലിൽ നിന്ന് ദോശയും സാമ്പാറും കഴിച്ചു. എന്നാൽ സമ്പാറിന് നൂറ് രൂപ കാണിച്ച് ബില്ല് നൽകിയത് സഞ്ചാരികൾ ചോദ്യം ചെയ്തു. തർക്കത്തിനിടെ ഒരാൾ സംഭവം വീഡിയോയിൽ പകർത്തിയതോടെ ഹോട്ടലുടമ സഞ്ചാരികളെ മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. നെടുങ്കണ്ടം പൊലീസ് എത്തി ഇരുകൂട്ടരുമായി ചർച്ച നടത്തി പ്രശ്നം പറഞ്ഞു തീർത്തു.