student

പാലക്കാട് : പഠിച്ചിരുന്ന കാലത്ത് അദ്ധ്യാപകൻ ശിക്ഷിച്ചതിലെ പക വർഷങ്ങൾക്കിപ്പുറം വീട്ടി പൂർവ്വ വിദ്യാർത്ഥി. അദ്ധ്യാപകനായ കെ.എ അബ്ദുള്‍ മനാഫിനെ പൂർവ്വ വിദ്യാർത്ഥിയായ നിസാമുദ്ദീൻ സോഡാ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി പത്തുമണിയോടെ പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂരിലാണ് സംഭവം നടന്നത്.

അദ്ധ്യാപകനിപ്പോൾ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിസാമുദ്ദീന്റെ അടിയേറ്റ് നിലത്ത് വീണ അദ്ധ്യാപകനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.അലനല്ലൂര്‍ ചന്തപ്പടിയില്‍ നില്‍ക്കുകയായിരുന്ന അദ്ധ്യാപകനെ യാതൊരു പ്രകോപനവുമില്ലാതെയാണ് നിസാമുദ്ദീൻ മർദ്ദിച്ചത്.

ഇയാൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്ത് റിമാന്‍ഡ് ചെയ്തു. പണ്ട് അദ്ധ്യാപകൻ ശിക്ഷിച്ചതിന് വർഷങ്ങൾക്ക് ശേഷം പ്രതികാരം ചെയ്യുന്നത് ഭീതിപെടുത്തുന്ന സംഭവമാണെന്ന് അദ്ധ്യാപക ഐക്യവേദി പ്രവർത്തകർ പ്രതികരിച്ചു. സംഭവത്തിനെതിരെ അലനെല്ലൂരിൽ അദ്ധ്യാപകർ പ്രതിഷേധ പ്രകടനവും നടത്തി.