
തിരുവനന്തപുരം: കൊവിഡ് വന്ന് മൂന്നു മാസത്തിന് ശേഷവും അമിത ക്ഷീണവും ശ്വാസതടസവും അനുഭവപ്പെടുന്നുവെങ്കിൽ ഡോക്ടറുടെ സേവനം തേടി ഹൃദയസുരക്ഷ ഉറപ്പാക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ. വൈറസ് ശരീരത്തിലുണ്ടാക്കുന്ന ഇൻഫെക്ഷൻ കാരണം ഹൃദയത്തിന് പലതരത്തിലുള്ള തകരാറുകൾക്ക് സാദ്ധ്യതയുണ്ട്. രക്തധമനികൾക്ക് തകരാർ സംഭവിക്കാനും ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ പമ്പിംഗിൽ കുറവുണ്ടാകാനുമിടയുണ്ട്.
കൊവിഡാനന്തരം ഹൃദ്രോഗത്തിന് ചികിത്സതേടുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. കൊവിഡ് കാലത്ത് കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടായവർക്ക് പൂർണസ്ഥിതി വീണ്ടെടുക്കാൻ മൂന്നുമാസം വേണ്ടിവരും. ഇക്കാലയളവിൽ കടുത്ത ജോലികളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം.
അതേസമയം, കൊവിഡ് കാരണം എത്രപേർ ഹൃദ്രോഗികളായെന്നതിന് കൃത്യമായ കണക്കില്ല. ഏതുതരത്തിൽ പഠനം വേണമെന്നതു സംബന്ധിച്ച് വ്യക്തതവരാത്തതാണ് കാരണം. കൊവിഡ് വന്നുപോയവരിലും വാക്സിൻ സ്വീകരിച്ചവരിലും ആന്റബോഡിയുണ്ടാകും. അതിനാൽ ഹൃദ്രോഗവുമായി എത്തുന്നവരുടെ ശരീരത്തിലെ ആന്റബോഡിയുടെ സാന്നിദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം രോഗകാരണം കൊവിഡാണെന്ന് പറയാനാകില്ല. കൊവിഡിന് ശേഷം നടത്തുന്ന പരശോധനകളിലൂടെയാണ് പലരും പ്രമേഹവും കൊളസ്‌ട്രോളും ഉൾപ്പെടെ കണ്ടെത്തുന്നതെന്നും ഡോക്ടർമാർ പറയുന്നു.
ഇവ ശ്രദ്ധിക്കണം
വിട്ടുമാറാത്ത തലകറക്കം, ക്ഷീണം, ശ്വാസതടസം, ഹൃദയമിടിപ്പ് കൂടുക, നെഞ്ചുവേദന
'കൊവിഡാനന്തര ലക്ഷണങ്ങൾ ചിലരിൽ ദീർഘനാൾ നിലനിൽക്കാറുണ്ട്. മൂന്നുമാസം കൃത്യമായ നിരീക്ഷണം വേണം.'
ഡോ.ഹരികൃഷ്ണൻ.
പ്രൊഫസർ, കാർഡയോളജി വിഭാഗം,
ശ്രീചിത്ര