police-arrest

തിരുവനന്തപുരം: കൊച്ചിയിൽ ഒന്നരവയസുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിൽ ഒളിവിലായിരുന്ന കുഞ്ഞിന്റെ മുത്തശ്ശിയെ ബീമാപ്പള്ളിയിലെ സുഹൃത്തിന്റെ വീടിന്റെ പരിസരത്ത് നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. അങ്കമാലി സ്വദേശി സിപ്സിയെയാണ് (58) ഇന്നലെ ഉച്ചയോടെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ പിതാവിന്റെ അമ്മയാണ് സിപ്സി.

ബീമാപ്പള്ളിയിലെ സുഹൃത്തിന്റെ നിർദ്ദേശപ്രകാരമാണ് സിപ്സി ഒളിവിൽ കഴിയാൻ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തിയ ഇവർ തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. തുടർന്ന് ഇന്നലെ രാവിലെയാണ് ബീമാപ്പള്ളിയിലെത്തിയത്. ഇവർ തിരുവനന്തപുരത്തെത്തിയ അന്വേഷണസംഘം സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

കൊച്ചിലെ അന്വേഷണ സംഘം ഇന്നലെ തിരുവനന്തപുരത്തെത്തി ഇവരുമായി മടങ്ങി. തിങ്കളാഴ്ചയാണ് ഒന്നരവയസുകാരിയെ ഹോട്ടലിൽ സിപ്സിയുടെ സുഹൃത്തായ ജോൺ ബിനോയ് ഡിക്രൂസ് ബക്കറ്റിൽ മുക്കിക്കൊന്നത്.

മുഖം മറച്ച് മാസ്‌കും ഷാളും
സൂക്ഷിച്ച് നോക്കിയാൽപ്പോലും മുഖം മനസിലാകാത്തവിധം മാസ്‌കിന് പുറമേ ഷാളുപയോഗിച്ച് മറച്ച് കെട്ടിയാണ് സിപ്സി നടന്നിരുന്നത്. ഇവരുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അറസ്റ്റിലായത്. അറസ്റ്റിനെത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥരോടക്കം സിപ്സി തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. ചെറിയ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചത്. പൂന്തുറ സ്റ്റേഷനിലെത്തിച്ചപ്പോഴും സിപ്സി ബഹളമുണ്ടാക്കി.

ഒന്നര വയസുകാരിയുടെ കൊലപാതകം: പിതാവ് അറസ്റ്റിൽ

കൊച്ചി: ഒന്നര വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിതാവ് അങ്കമാലി കോടിശേരിവീട്ടിൽ സജീവനെ (28) എറണാകുളം നോർത്ത് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു. മകളെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള അറസ്റ്റ്. ഇന്ന് കോടതിയിൽ ഹാജരാക്കും. സജീവന്റെ മകൾ നോറ മറിയത്തെ കലൂരിലെ ഹോട്ടലിൽ വച്ച് സജീവന്റെ അമ്മ സിപ്സിയുടെ കാമുകൻ ജോൺ ബിനോയ് ഡിക്രൂസ് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. സജീവനുമായി വേർപിരിഞ്ഞ ഭാര്യ ഡിക്സി വിദേശത്ത് ജോലി ചെയ്യുകയാണ്.

പതിവ് അടവ്വിലപ്പോയില്ല, വലയിലാക്കിയത് സിറ്റി പൊലീസിന്റെ രഹസ്യ നീക്കത്തിൽ

തിരുവനന്തപുരം: സിപ്സിയുടെ പതിവ് അടവുകൾ പൊലീസിന് മുമ്പിൽ വിലപ്പോയില്ല. പൊലീസിന്റെ പിടിയിലാകുമെന്നായാൽ അസഭ്യം പറയുന്നതും സ്വയം വസ്ത്രമുരിയുന്നതും ഇവരുടെ സ്ഥിരം നമ്പരുകളാണ്. വസ്ത്രമുരിയാനായി ഇന്നലെയും ചെറിയ ശ്രമം നടത്തിയെങ്കിലും വനിതാ പൊലീസ് തടയിട്ടു. പൊലീസിനെതിരെ ബഹളം വച്ച് അറസ്റ്റ് തടയാൻ ശ്രമിച്ചത് കണക്കിലെടുക്കാതെ പൊലീസ് സംഘം അറസ്റ്റും വൈദ്യ പരിശോധനണയുമെല്ലാം അതിവേഗത്തിൽ പൂർത്തിയാക്കി. വനിതാപൊലീസ് സംഘത്തിന്റെ സാന്നിദ്ധ്യവും സ്‌ക്വാഡ് തിരിഞ്ഞുള്ള നിരീക്ഷണവുമാണ് സിപ്സിയെ കുടുക്കിയത്. ബീമാപ്പള്ളി പ്രദേശത്തുനിന്ന് ഇന്നലെ ഉച്ചയ്ക്കാണ് സിപ്സിയെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പൊലീസിന്റെ രഹസ്യ നീക്കം
സിപ്സി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിയെന്ന് കൊച്ചി പൊലീസ് സിറ്റി പൊലീസ് കമ്മിഷണറെ അറിയിച്ചു. തുടർന്ന് നിരീക്ഷണത്തിന് തമ്പാനൂർ പൊലീസിനെ നിയോഗിച്ചു. തമ്പാനൂരിൽ സിപ്സി ആദ്യം മുറിയെടുത്തത് വനിതകൾക്ക് താമസസൗകര്യമൊരുക്കുന്ന 'എന്റെ കൂട്' എന്ന ലോഡ്ജിലായിരുന്നു. തമ്പാനൂർ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച അവിടെ എത്തിയപ്പോഴേക്കും സിപ്സി ബീമാപ്പള്ളി പ്രദേശത്തേക്ക് കടന്നിരുന്നു. പിന്നീട് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശംഖുംമുഖം എ.സിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.