sai-nikesh

കീവ്: സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാൻ തയാറെന്ന് ബന്ധുക്കളെ അറിയിച്ച് യുക്രെയിൻ സൈന്യത്തിൽ ചേർന്ന തമിഴ്നാട് സ്വദേശി സായ് നികേഷ്. കഴിഞ്ഞ എട്ടാം തിയതിയാണ് കോയമ്പത്തൂർ സ്വദേശിയായ സായ് റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കാൻ യുക്രെയിൻ സൈന്യത്തിന്റെ ഭാഗമായി എന്ന കാര്യം സ്ഥിരീകരിക്കപ്പെടുന്നത്.

ഇന്നലെയാണ് ഇന്ത്യയിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കാര്യം സായ് കുടുംബാംഗങ്ങളെ അറിയിച്ചത്. ഫോണിൽ സംസാരിക്കവെയാണ് മടങ്ങാൻ താൽപ്പര്യപ്പെടുന്നുവെന്ന് അദ്ദേഹം പിതാവിനെ അറിയിച്ചത്. തുടർന്ന് കുടുംബം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് സായ്‌യെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

യുക്രെയിനിൽ റഷ്യ യുദ്ധം ആരംഭിച്ചതോടെ സായ് നികേഷുമായുള്ള ആശയവിനിമയം കുടുംബത്തിന് നഷ്ടപ്പെട്ടിരുന്നു. ശേഷം ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് കുടുംബം സായ്‌യെ ബന്ധപ്പെട്ടത്. അതോടെയാണ് താൻ യുക്രെയിൻ അർദ്ധസൈനിക വിഭാഗത്തിൽ ചേർന്നതായി അദ്ദേഹം കുടുംബത്തെ അറിയിച്ചത്. ജോർജിയൻ നാഷണൽ ലെജിയൻ എന്ന യുക്രെയിൻ അർദ്ധസൈനിക വിഭാഗത്തിലാണ് സായ് നികേഷ് ചേർന്നതെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.