
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനവും മരണനിരക്കും ഗണ്യമായി കുറഞ്ഞുവെന്ന് ആരോഗ്യവിദഗ്ദ്ധർ. എന്നാൽ വൈറസ് ബാധ നിയന്ത്രണത്തിലായെങ്കിലും മാസ്‌ക് ഒഴിവാക്കുന്നത് പതിയെ മതിയെന്ന അഭിപ്രായത്തിലാണ് കൂടുതൽ ആരോഗ്യ വിദഗ്ദ്ധരും. മറ്റ് രാജ്യങ്ങളിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് ആശങ്ക ഉയർത്തുന്നതുകൊണ്ടാണ് മാസ്‌ക് തുടരണമെന്ന വിദഗ്ദ്ധാഭിപ്രായം.
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെയും ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെയും എണ്ണം കുറഞ്ഞതും ആശ്വാസമേകുന്നു. കഴിഞ്ഞ ദിവസം 22,050 പരിശോധനകൾ നടത്തിയതിൽ 1088 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 9530 സജീവ കേസുകളാണ് നിലവിൽ ഉള്ളത്. ഇതിൽ 9.5 ശതമാനം പേർ മാത്രമേ ആശുപത്രികളിൽ ചികിത്സയിലുള്ളൂ. 26,967 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ ഒരു മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുവരെ 66,793 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. മാസ്‌ക് മാത്രമാണ് നിലവിൽ കർശനമാക്കിയിരിക്കുന്നത്. ടിപിആർ ഒരു ശതമാനത്തിനു താഴെ എത്തിയതിനുശേഷം മാത്രം മാസ്‌ക് ഉപേക്ഷിക്കുന്നത് ആലോചിച്ചാൽ മതിയെന്നാണ് ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
അതേസമയം, ജൂൺ- ജൂലായ് മാസത്തിൽ നാലാം തരംഗം എത്തുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കൊവിഡ് നാലാം തരംഗം നിസാരമായി കാണരുതെന്നാണ് മുന്നറിയിപ്പ്. കൊവിഡ് നാലാം തരംഗത്തിൽ രോഗവ്യാപന നിരക്ക് കൂടുതലായിരിക്കും. രോഗം തീവ്രമാകാൻ സാദ്ധ്യതയില്ല. മരണനിരക്കും കുറവായിരിക്കും. എന്നാൽ ജാഗ്രത വേണം. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.