
കൊച്ചി: പോക്സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് കീഴടങ്ങി. കൊച്ചി പൊലീസ് കമ്മീഷണറുടെ ഓഫീസിലാണ് ഇയാൾ കീഴടങ്ങിയത്. റോയിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഡിജെ പാർട്ടിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിലാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. പതിനേഴുകാരിയായ മകളെ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിനി പരാതി നൽകിയിരിക്കുന്നത്.
റോയിയുടെ സുഹൃത്തുക്കളായ സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്ക് എതിരെയും പരാതിയുണ്ടായിരുന്നു. അഞ്ജലിക്ക് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നത്. പീഡന ദൃശ്യങ്ങൾ മറ്റു പ്രതികൾ ചേർന്ന് മൊബൈലിൽ പകർത്തി. പൊലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞിരുന്നു.