bangles

കൊട്ടാരക്കര: ക്ഷേത്രസന്നിധിയിൽ തൊഴുതുനിൽക്കവേ മാല മോഷണം പോയപ്പോൾ നിലവിളിച്ച വീട്ടമ്മയ്ക്ക് രണ്ട് വളകൾ സമ്മാനിച്ച് അജ്ഞാത സ്ത്രീ. കൊട്ടാരക്കര മൈലം പള്ളിക്കൽ മുകളിൽ മങ്ങാട്ട് വീട്ടിൽ സുഭദ്രയുടെ (67) മാലയാണ് മോഷണം പോയത്. കശുവണ്ടിത്തൊഴിലാളിയായ സുഭദ്രയുടെ നിലവിളി കേട്ട് ഒറ്റ കളർ സാരി ധരിച്ച, കണ്ണട വച്ച സ്ത്രീ അടുത്തെത്തി തന്റെ രണ്ട് വളകൾ ഊരി നൽകി.

പട്ടാഴി ദേവി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൊട്ടാരക്കരയിൽ നിന്നു ബസിലെത്തി ക്ഷേത്ര സന്നിധിയിൽ തൊഴുത് നിൽക്കവെയാണ് രണ്ടുപവന്റെ മാല മോഷണം പോയ കാര്യം സുഭദ്ര അറിഞ്ഞത്. കരഞ്ഞുകൊണ്ടിരിക്കുന്ന വയോധികയുടെ അടുത്തെത്തിയ സ്ത്രീ, 'അമ്മ കരയണ്ട. ഈ വളകൾ വിറ്റ് മാല വാങ്ങി ധരിച്ചോളൂ. മാല വാങ്ങിയ ശേഷം ക്ഷേത്ര സന്നിധിയിൽ എത്തി പ്രാർത്ഥിക്കണം.'-എന്നു പറഞ്ഞുകൊണ്ടാണ് വളകൾ ഊരി നൽകിയത്.

ഈ സ്ത്രീ പിന്നെ എങ്ങോട്ടുപോയെന്ന് സുഭദ്രയ്ക്കറിയില്ല. രണ്ടുപവനോളം തൂക്കം വരുന്ന വളകൾ ആണ് നൽകിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികൾക്കും ആളെ കണ്ടെത്താനായില്ല. തുടർന്ന് ഭർത്താവ് കെ. കൃഷ്ണൻകുട്ടി ആചാരിയോടൊപ്പം സുഭദ്ര മടങ്ങി.