
ബീജിംഗ് : കൊവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് ശക്തി പ്രാപിക്കുന്നു. കഴിഞ്ഞ ദിവസം രണ്ട് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണ് ചൈനയിൽ രേഖപ്പെടുത്തിയത്. ഇന്ന് 3400 കേസുകളാണ് ചൈനയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് തൊട്ട് മുൻപുള്ള ദിവസത്തേക്കാൾ ഇരട്ടിയിലധികമാണെന്നാണ് ശ്രദ്ധേയമായ കാര്യം. രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് അധികാരികൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹോട്ട്സ്‌പോട്ടുകളിൽ ലോക്ക്ഡൗൺ നിലവിൽ വന്നു.
കൊവിഡ് കേസുകൾ ഉയർന്നതിന് പിന്നാലെ ഷാങ്ഹായിലെ സ്‌കൂളുകൾ അടച്ചിട്ടു, വടക്കുകിഴക്കൻ നഗരങ്ങളുടെ അതിർത്തികൾ സീൽ ചെയ്തിരിക്കുകയാണ്. ഒമിക്രോൺ, ഡെൽറ്റ വേരിയന്റുകളാണ് ചൈനയിൽ ഇപ്പോൾ പടരുന്നത്.
വടക്കൻ കൊറിയയുമായി അതിർത്തി പങ്കിടുന്ന നഗര പ്രദേശമായ യാഞ്ചി പൂർണ്ണമായും അടച്ചു. കൊവിഡിനെ തുരത്താൻ സിറോ കൊവിഡ് നയമാണ് ചൈന പിന്തുടരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അടച്ചിടലും, കൂട്ട പരിശോധനയും നടത്തുന്നത്.
ലോക്ക്ഡൗണുകൾ, യാത്രാ നിയന്ത്രണങ്ങൾ എന്നിവയിലൂടെയാണ് ചൈന കൊവിഡിനെ പിടിച്ചു കെട്ടുന്നത്. കൊവിഡിനെതിരെ ചൈന വികസിപ്പിച്ച വാക്സിനുകളുടെ ഫലപ്രാപ്തിയും ഈ ഘട്ടത്തിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ചൈനീസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവരിൽ രക്താർബുദം കണ്ടെത്തുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.