dining-table

ന്യൂഡൽഹി : പത്ത് കോടിയുടെ ഡെെനിംഗ് ടേബിൾ ഭാരത്പേ സഹസ്ഥാപകനായ അഷ്‌നീർ ഗ്രോവർ സ്വന്തമാക്കിയെന്ന് പ്രചാരണം. ഈ വാർത്തകൾക്കുള്ള മറുപടിയുമായി അഷ്‌നീർ ഗ്രോവർ തന്നെ രംഗത്തത്തി. പത്ത് കോടിയുടെ ഡെെനിംഗ് ടേബിൾ താൻ വാങ്ങിയെന്ന വാ‌ർത്ത നിഷേധിച്ച അഷ്‌നീർ ഗ്രോവർ ഇത്രയും തുകയ്ക്ക് വാങ്ങാൻ ഇതെന്താ സ്പേസ് റോക്കറ്റാണോയെന്ന് ചോദിച്ചു. പരിഹാസരൂപേണയാണ് വ്യാജപ്രചരണങ്ങൾക്കുള്ള മറുപടി അദ്ദേഹം നൽകിയത്. ഡെെനിംഗ് ടേബിളിന്റെ ചിത്രത്തോട് കൂടിയാണ് ട്വിറ്ററിലൂടെ അദ്ദേഹം പ്രതികരിച്ചത്.

ഏറ്റവും വിലകൂടിയ ഡെെനിംഗ് ടേബിൾ സ്വന്തമാക്കിയതിന്റെ ഗിന്നസ് റെക്കോ‌ർഡ് തനിക്കല്ലെന്നും അതിനോട് താല്പര്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ഇത്തരം വ്യാജപ്രചരണങ്ങൾക്ക് പിറകെ പോയി മാദ്ധ്യമങ്ങൾ തങ്ങളുടെ വിശ്വാസ്യത കളയരുതെന്നും അഷ്‌നീർ പറഞ്ഞു. ഇത്രയും തുക ഡെെനിംഗ് ടേബിളിന് ചിലവാക്കുന്നതിന് പകരം താൻ ആ തുക ബിസിനസിൽ നിക്ഷേപിച്ച് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്ന് അഷ്‌നീർ പറഞ്ഞു. ഈ തുകയ്ക്ക് ആയിരം തൊഴിലവസരങ്ങൾ സൃഷ്ടിച്ചാൽ അവർക്ക് ആ വരുമാനത്തിലൂടെ മാന്യമായ ഭക്ഷണം തങ്ങളുടെ ഡെെനിംഗ് ടേബിളിൽ വയ്‌ക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഫിൻ‌ടെക് സ്ഥാപനമായ ഭാരത്‌പേയിൽ നിന്ന് കഴിഞ്ഞയാഴ്‌ച അഷ്‌നീർ ഗ്രോവർ രാജിവച്ചിരുന്നു. സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് അഷ്‌നീറിന്റെ ഭാര്യ മാധുരി ജെയിൻ ഗ്രോവറിനെ ഭാരത്‌പേ കഴിഞ്ഞ മാസം പിരിച്ചുവിട്ടതിന് പിന്നാലെയാണ് അഷ്‌നീർ ഗ്രോവർ കമ്പനിയിൽ നിന്ന് രാജിവച്ചത്. എല്ലാ ആരോപണങ്ങളും ദമ്പതികൾ നിഷേധിച്ചിരുന്നു.