
കോപ്പൻഹേഗൻ: ലോകത്തിലെ ഏതു ഭാഷയും നിമിഷങ്ങൾക്കുള്ളിൽ വിവർത്തനം ചെയ്ത് മനസ്സിലാക്കാനുള്ള സാങ്കേതിക വിദ്യ ഇന്ന് ഏവരുടെയും വിരൽ തുമ്പിൽ ലഭ്യമാണ്. എന്നാൽ മൃഗങ്ങളുടെയും പക്ഷികളുടെയും ഭാഷ തിരിച്ചറിയാൻ നമുക്ക് മാർഗമില്ല. നമ്മുടെ അരുമയായ വളർത്തു മൃഗങ്ങൾ എന്താണ് അവരുടെ ഭാഷയിൽ പറയുന്നതെന്ന് മനസ്സിലാക്കാൻ നമുക്ക് എല്ലാവർക്കും ആഗ്രഹമുണ്ടാകും. മൃഗങ്ങളുടെ ശബ്ദം വിശകലനം ചെയ്ത് അവർ എന്താണ് പ്രകടമാക്കാൻ ശ്രമിക്കുന്നതെന്ന് കണ്ടെത്താനുള്ള പഠനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ടായിരുന്നു. അത്തരത്തിൽ ഒരെണ്ണം ഇതാ ഇപ്പോൾ ഫലപ്രാപ്തിയിൽ എത്തിയിരിക്കുകയാണ്.
ഡെന്മാർക്കിലെ കോപ്പൻഹേഗൻ സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് അപൂർവമായ നേട്ടം കൈവരിച്ചിരിക്കുന്നത്. പന്നികളുടെ ശബ്ദത്തെ വിവർത്തനം ചെയ്യുന്ന മെഷീൻ ലേണിംഗ് അൽഗോരിതമാണ് അവർ വികസിപ്പിച്ചെടുത്തത്. ഒരു പന്നി പുറപ്പെടുവിക്കുന്ന ശബ്ദം അതിന്റെ ഏത് വികാരമാണ് പ്രകടിപ്പിക്കുന്നതെന്ന് ഡീക്കോഡ് ചെയ്‌തെടുക്കുന്ന തരത്തിലാണ് ആൽഗോരിതത്തിന്റെ പ്രവർത്തനം. മൃഗങ്ങളുടെ പെരുമാറ്റങ്ങൾ തിരിച്ചറിയുകയും പഠന വിധേയമാക്കുകയും ചെയ്യുന്ന മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ നൽകുന്നതാണ് ഈ മുന്നേറ്റം. നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) യുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ 'പിഗ് ട്രാൻസലേറ്റർ' ഫാമുകളിൽ പന്നി വളർത്തുന്നവർക്ക് ഏറെ സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പന്നികളുടെ മുരൾച്ച ഡീക്കോഡ് ചെയ്‌തെടുക്കാനുള്ള പരിശീലനമാണ് ഞങ്ങൾ ഈ അൽഗോരിതത്തിന് നൽകിയിട്ടുള്ളതെന്ന് സർവകലാശാലയിലെ അനിമൽ ബിഹേവിയർ ആൻഡ് കമ്യൂണിക്കേഷൻ വിദഗ്ദ്ധയായ ഡോ. എലൊഡി ബ്രീഫർ പറഞ്ഞു. ഇനി ഈ അൽഗൊരിതത്തെ ഒരു മൊബൈൽ ആപ്ലിക്കേഷനായി മാറ്റാൻ കഴിവുള്ളയാളെയാണ് ആവശ്യം. എന്നാൽ മാത്രമേ ഇത് കർഷകർക്ക് അവരുടെ മൃഗങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്താനായി ഇത് ഉപയോഗിക്കാൻ കഴിയു. അനുകൂല സാഹചര്യങ്ങളിലും പ്രതികൂല സാഹചര്യങ്ങളിലും പന്നികളുണ്ടാകുന്ന ശബ്ദങ്ങളിൽ വ്യക്തമായ വ്യത്യാസങ്ങളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സയന്റിഫിക് റിപ്പോർട്ട്സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 411 വിവിധ പന്നികളിൽ നിന്നായി ശേഖരിച്ച 7,414 ശബ്ദങ്ങൾ വിശകലനം ചെയ്താണ് ഗവേഷകർ ഈ അൽഗോരിതം വികസിപ്പിച്ചെടുത്തത്. കശാപ്പ് ഉൾപ്പടെയുള്ള വിവിധ ജീവിത ഘട്ടങ്ങളിൽ നിന്നാണ് ഈ ശബ്ദശകലങ്ങൾ അവർ റെക്കോഡ് ചെയ്ത് പഠനത്തിനായി ഉപയോഗിച്ചത്. വാണിജ്യപരമായി പന്നികളെ വളർത്തുന്ന ഫാമുകളിൽ നിന്നും പരീക്ഷണാത്മകമായി നിർമ്മിച്ച സജീകരണങ്ങളിൽ നിന്നുമുൾപ്പടെയാണ് ശബ്ദങ്ങൾ റെക്കോഡ് ചെയ്തതത്. ഒരു പന്നിയുടെ ശബ്ദത്തിൽ നിന്ന് അതിന് സന്തോഷവും ആവേശവും പോലുള്ള അനുകൂല വികാരമാണോ അതോ പേടിയും ദുഖവും പോലുള്ള പ്രതികൂല വികാരങ്ങളാണോ അനുഭവപ്പെടുന്നതെന്ന് ഈ അൽഗോരിതത്തിന് ഡീക്കോഡ് ചെയ്ത് എടുക്കാൻ സാധിക്കും.
പന്നികൾ അവരുടെ കുടുംബവുമായി ഒന്നിക്കുക, പന്നിക്കുഞ്ഞുങ്ങൾ അമ്മമാരിൽ നിന്ന് പാലു കുടിക്കുക പോലുള്ള അവസരങ്ങളിൽ അവ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ റെക്കോഡ് ചെയ്താണ് നല്ല വികാരങ്ങളായി രേഖപ്പെടുത്തുന്നത്. അതേസമയം പന്നികൾ കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടു പോവുക, പന്നികൾ തമ്മിൽ വഴക്കുണ്ടാക്കുക, പന്നികളെ വന്ധ്യംകരണത്തിന് വിധേയമാക്കുക, അറവുശാലയിൽ മരണത്തിനായി കാത്തുകിടക്കുക പോലുള്ള അവസരങ്ങളിലാണ് ചീത്ത വികാരങ്ങൾക്കായുള്ള ശബ്ദങ്ങൾ റെക്കോഡ് ചെയ്യുന്നത്.
ഇതുവഴി ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു പന്നി അനുഭവിക്കുന്ന മാനസിക വികാരമെന്താണെന്നതിനെ പറ്റി കൂടുതൽ വ്യക്തത നൽകുന്ന ഒരു മാതൃക കൂടി മനസ്സിലാക്കാൻ ഗവേഷകർക്ക് സാധിച്ചു. അനുകൂല സാഹചര്യങ്ങളിൽ പന്നികളുടെ വിളി ചെറുതും അതിന്റെ വ്യാപ്തിയിൽ ചെറിയ ഏറ്റക്കുറച്ചിലുകളും മാത്രമേ ഉണ്ടാവുകയുമുള്ളു. ഇങ്ങനെയുള്ള സമയങ്ങളിൽ അവരുടെ മുരൾച്ച കൂടുതൽ വ്യക്തമാവും. കൂടാതെ ശബ്ദം പതിയെ ഉയർന്നു തുടങ്ങുകയും ക്രമേണ ആവൃത്തി താഴുകയും ചെയ്യും.
ഈ അൽഗോരിതത്തിന് പന്നികളിലെ 92 ശതമാനം ശബ്ദങ്ങളും വേർതിരിച്ച് ഏത് വികാരമാണ് അതിന് അനുഭവപ്പെടുന്നതെന്ന് പറഞ്ഞു തരാൻ സാധിക്കുമെന്നാണ് ജേണലിൽ പറയുന്നത്. ഈ അൽഗോരിതം ഭാവിയിൽ ഫാമുകളിലെ മൃഗങ്ങളുടെ ക്ഷേമം നിരീക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ വികസിപ്പിക്കാൻ വഴിയൊരുക്കുമെന്നും ഗവേഷകർ കരുതുന്നു.