
തിരുവനന്തപുരം: കല്ലറ പാങ്ങോട് തച്ചോണത്ത് വാക്കുതർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റ സംഭവത്തിൽ പ്രതി വിനീത് പിടിയിൽ. എസ് എസ് കോവിൽ റോഡിലെ ഒരു കടയിൽ നിന്നാണ് ഇയാൾ എയർഗൺ വാങ്ങിയതെന്നും പൊലീസ് കണ്ടെത്തി.
ഇലക്ട്രീഷ്യനായ റഹീമിനാണ് വെടിയേറ്റത്. ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. തലയ്ക്ക് വെടിയേറ്റ ഇയാളെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടയ്ക്കൽ തിരുവാതിര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് റഹീമിന് വെടിയേൽക്കുന്നത്. സമീപത്ത് വർക്‌ഷോപ്പ് നടത്തുന്ന വിനീത് ആണ് റഹീമിനെ വെടിവച്ചതെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു.
റഹീമിന്റെ ബൈക്ക് വിനീതിന്റെ വർക്ക് ഷോപ്പിൽ അറ്റകുറ്റപണികൾക്കായി നൽകിയിരുന്നു. ഇതേചൊല്ലിയുള്ള തർക്കം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന റഹീമിന് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ അറിയിച്ചു.