hair-style-

ടോക്യോ : ജപ്പാൻ സ്‌കൂളുകളിൽ പെൺകുട്ടികൾ പോണിടെയിൽ സ്‌റ്റൈലിൽ മുടി കെട്ടുന്നത് നിരോധിച്ചതായി റിപ്പോർട്ടുകൾ. ക്ലാസിൽ ആൺകുട്ടികൾക്ക് ലൈംഗിക ഉത്തേജനം ഉണ്ടാകുമെന്ന കാരണത്താലാണ് ഈ നടപടി സ്‌കൂളുകൾ സ്വീകരിച്ചത്. പോണി ടെയിൽ രീതിയിൽ മുടി കെട്ടുമ്പോൾ കഴുത്തിന്റെ പിൻഭാഗം കാണാനാവും. ഇതാണ് അധികൃതരെ പുതിയ തീരുമാനത്തിലേക്ക് എത്തിച്ചത്. പുതിയ പരിഷ്‌കാരം ജപ്പാനിൽ ഏറെ വിവാദമായിട്ടുണ്ട്. എന്നാൽ ചില സ്‌കൂളുകൾ പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നില്ല.

ജപ്പാനിലുടനീളമുള്ള എത്ര സ്‌കൂളുകളിൽ ഈ നിരോധനം ഇപ്പോൾ നടപ്പിലാക്കിയിട്ടുണ്ടെന്നത് വ്യക്തമല്ല. സ്‌കൂൾ വിദ്യാർത്ഥികൾ ധരിക്കേണ്ട വസ്ത്രങ്ങളെ കുറിച്ച് പ്രത്യേകിച്ച് അടിവസ്ത്രം, പാവാട, സോക്സ് എന്നിവയുടെ നീളത്തെകുറിച്ചും, മുടിയുടെ നിറം, ഉപയോഗിക്കുന്ന സൗന്ദര്യ വർദ്ധിത വസ്തുക്കൾ എന്നിവയെ കുറിച്ചുമെല്ലാം നിയമങ്ങൾ ജപ്പാനിലുണ്ട്. ഹോർമോണുകളുടെ അഭാവം മൂലമോ മറ്റോ സാധാരണ നിറമല്ലാത്ത മുടികളുള്ളവർ അത് കളർ ചെയ്തതല്ലെന്നും, സ്വാഭാവികമാണെന്നുമുള്ള ഹെയർ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിലുള്ള ഈ കരിനിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം അടുത്തകാലത്തായി ഉയരുന്നുണ്ട്.