ukrainian-woman

കീവ് : ജന്മദിനത്തിൽ യുക്രേനിയൻ യുവതിക്ക് റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം. അസുഖബാധിതയായ മാതാവിന് മരുന്ന് വാങ്ങുന്നതിനായി പുറത്തിറങ്ങിയ യുവതിയെയാണ് റഷ്യൻ സൈനികർ വെടിവച്ച് കൊലപ്പെടുത്തിയത്. വലേരിയ മക്‌സെറ്റ്സ്‌ക എന്ന മുപ്പത്തിയൊന്ന്കാരിയാണ് തലസ്ഥാനമായ കീവിന് അടുത്തുള്ള ഗ്രാമത്തിൽ വച്ച് കൊല്ലപ്പെട്ടത്. വലേരിയയുടെ മാതാവ് ഐറിനയും വാഹനത്തിന്റെ ഡ്രൈവറും റഷ്യൻ ടാങ്കിൽ നിന്നുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ആരോഗ്യ പ്രവർത്തകയായിരുന്ന വലേരിയ റഷ്യൻ ആക്രമണം ആരംഭിച്ചിട്ടും രാജ്യം വിടാൻ തയ്യാറായിരുന്നില്ല. ഡൊനെറ്റ്സ്‌കിൽ ജനിച്ച അവർ കീവിന് സമീപത്തേയ്ക്ക് താമസം മാറുകയും, യുദ്ധത്തിൽ കെടുതി അനുഭവിക്കുന്നവരെ സഹായിച്ചും കഴിയുകയായിരുന്നു. ഇതിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്‌മെന്റുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ രോഗിയായ മാതാവിന്റെ മരുന്ന് തീർന്നതോടെയാണ് അവർക്കൊപ്പം രാജ്യം വിടാൻ യുവതി തീരുമാനിച്ചത്. ഈ യാത്രയാണ് അന്ത്യത്തിൽ കലാശിച്ചത്. യുക്രെയിനിന്റെ പടിഞ്ഞാറൻ അതിർത്തി
ലക്ഷ്യമാക്കി വാഹനത്തിൽ പോകവേ ഇവർ ആക്രമിക്കപ്പെടുകയായിരുന്നു. റഷ്യൻ സൈനികരുടെ വ്യൂഹം ഈ സമയം
ഇതുവഴി കടന്നുപോയി. റഷ്യൻ ടാങ്കിൽ നിന്നും കാറിന് നേരെ വെടിയുതിർത്തതോടെ വലേരിയ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിടുകയായിരുന്നു. എന്നാൽ സൈന്യം ഇവരെ കൂട്ടത്തോടെ കൊലപ്പെടുത്തി.

വലേരിയ മക്‌സെറ്റ്സ്‌ക ധീരയായിരുന്നെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലെപ്‌മെന്റിന്റെ അഡ്മിനിസ്‌ട്രേറ്റർ സാമന്ത പവർ അനുശോചിച്ചു. ഫെബ്രുവരി 24 ന് റഷ്യ യുക്രെയിനിൽ ആരംഭിച്ച അധിനിവേശം ഇപ്പോഴും തുടരുകയാണ്. അപ്രതീക്ഷിതമായ ചെറുത്ത് നിൽപ്പാണ് റഷ്യ നേരിടുന്നത്. ഇതുവരെ 12,000ത്തിലധികം റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി യുക്രെയിൻ അവകാശപ്പെട്ടു.