aishwarya-jayaprakash

പെരിന്തൽമണ്ണ: ആത്മവിശ്വാസവും ക്ഷമയുമുണ്ടെങ്കിൽ അരിമണിയിൽ വരെ വിസ്മയം തീർക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഐശ്വര്യ ജയപ്രകാശ് എന്ന മിടുക്കി. അരിമണിയിൽ വിവിധ രാജ്യങ്ങളുടെ പതാക നിർമിച്ച് റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഐശ്വര്യ.

കൗതുക കാഴ്ച്ചകൾക്ക് മൂന്ന് അംഗീകാരങ്ങളും ഈ കലാകാരിയെ തേടിയെത്തി. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കോഡ്സ്, കലാം ബുക്ക് ഒഫ് റെക്കോഡ്സ് എന്നിവയാണ് ഐശ്വര്യയ്ക്ക് ലഭിച്ചത്. ഒരു അരിമണിയിൽ ഏത് രാജ്യത്തിന്റെ ദേശീയപതാകയും വരക്കാൻ കഴിയുമെന്നാണ് വിദ്യാർത്ഥിനിയായ ഐശ്വര്യ തെളിയിച്ചത്. പുഴക്കാട്ടിരി പഞ്ചായത്തിലെ കടുങ്ങപുരം പൊട്ടിപ്പാറയിൽ കണ്ണൻ കുഴിയിൽ ജയപ്രകാശിന്റെയും (ബഹറിൻ) പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക മാലിനിയുടെയും മകളാണ് ഐശ്വര്യ.

പത്ത് അരിമണികളിലായി പത്ത് രാജ്യങ്ങളുടെ പതാകയാണ് വരച്ചിട്ടുള്ളത്. ഇന്ത്യ എന്ന് ഇംഗ്ലീഷിൽ എഴുതിയതിൽ 100 സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ ഉൾക്കൊള്ളിച്ചതിലും അവാർഡ് കിട്ടിയിട്ടുണ്ട്. പാഴ് വസ്തുക്കളിൽ കലാരൂപങ്ങൾ സൃഷ്ടിക്കൽ, ഫാബ്രിക് പെയിന്റിംഗ് എന്നിവയുൾപ്പെടെ നൃത്തത്തിലും ചിത്രരചനയിലും മോണോ ആക്ടിലും ഈ മിടുക്കി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
2019ൽ സംസ്ഥാന കലോത്സവത്തിൽ ബാന്റ് വാദ്യത്തിലെ വിജയി കൂടിയാണ്. എൻട്രസ് പരീക്ഷ എഴുതി ഉന്നത പഠനത്തിനായി കാത്തിരിക്കുകയാണ് ഐശ്വര്യയിപ്പോൾ. സഹോദരൻ അനുജ് ജയപ്രകാശ് എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്.