
ലണ്ടൻ: പൂർണ പ്രവർത്തനക്ഷമമായ രണ്ട് ലിംഗത്തോടെ ജനിച്ച കുട്ടിക്ക് ഏഴു വർഷത്തിനു ശേഷം ശസ്ത്രക്രിയയിലൂടെ ആശ്വാസം. രണ്ടു ലിംഗങ്ങളും ഘടനാപരമായി യാതൊരു അസാധാരണത്വവും കാണിച്ചിരുന്നില്ല. ആറു ദശലക്ഷത്തിൽ ഒരാൾക്കു മാത്രം സംഭവിക്കുന്ന വളരെ അപൂർവമായ ജനന വൈകല്യമാണ് ഇതെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പറയുന്നത്. കഴിഞ്ഞ 400 വർഷത്തിനിടയിൽ ഇത്തരം നൂറ് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു. എന്നാൽ പൂർണമായി പ്രവർത്തിക്കുന്ന രണ്ട് ലിംഗമുണ്ടാവുന്നത് ആദ്യത്തെ സംഭവമാണെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു. യൂറോളജി കേസ് റിപ്പോർട്ട്സ് ജേണലിലൂടെയാണ് സംഭവം ലോകമറിയുന്നത്.
ഉസ്‌ബെകിസ്ഥാനിൽ നിന്നുള്ള ഈ കുട്ടിക്ക് രണ്ട് ലിംഗങ്ങളിലൂടെയും മൂത്രമൊഴിക്കാൻ സാധിച്ചിരുന്നു. അതായത് രണ്ട് ലിംഗത്തിനും വെവ്വേറെ മൂത്രനാളികളാണ് ഉണ്ടായിരുന്നത്. ഇത്തരം ഒരു കേസ് ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രണ്ട് ലിംഗത്തിലും ഉദ്ധാരണ കോശങ്ങളുണ്ടായിരുന്നു. എന്നാൽ ഇവ രണ്ടിനും ഉദ്ധരിക്കാനുള്ള ശേഷിയുണ്ടായിരുന്നോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. ഇത് വലിയ വെല്ലുവിളികൾ ഉയർത്തിയ ഒരു ശസ്ത്രക്രിയയായിരുന്നു. കുട്ടിയുടെ ഇടത് ലിംഗമാണ് നീക്കം ചെയ്തത്. അതിനു ശേഷം മൂത്രപ്രവാഹം വലതു വശത്തേക്ക് മാത്രമായി തിരിച്ചു വിടുകയും ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം കുട്ടി സുഖം പ്രാപിച്ചു വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഈ കുട്ടി മലദ്വാരമില്ലാതെയാണ് ജനിച്ചത്. 1500 കുട്ടികളിൽ ഒരാളെ മാത്രം ബാധിക്കുന്ന ഏനൽ അട്രേഷ്യ എന്ന അവസ്ഥയാണിത്. ജനിച്ചയുടനെ തന്നെ കുട്ടിയുടെ ഈ തകരാർ പരിഹരിച്ചിരുന്നു. എന്നാൽ ഇരട്ട ലിംഗത്തിന്റെ ഈ അവസ്ഥ എന്തുകൊണ്ടാണ് അന്ന് പരിഹരിക്കാതിരുന്നത് എന്ന കാര്യത്തിൽ ഡോക്ടർമാർക്കും വ്യക്തതയില്ല.
രണ്ട് ലിംഗമുണ്ടാവുന്ന അവസ്ഥയെ 'ഡിഫാലിയ' എന്നാണ് വൈദ്യശാസ്ത്രത്തിൽ പറയുന്നത്. ഇത് വൃഷണങ്ങൾ, ദഹനം, മൂത്രനാളി എന്നിവയിലും പ്രശ്നങ്ങളുണ്ടാക്കും. കഴിഞ്ഞ വർഷം മൂന്ന് ലിംഗത്തോടു കൂടി ജനിച്ച കുട്ടിയുടെ ഒരു കേസ് ഇറാഖിലെ മൊസൂളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ട്രിഫാലിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. എന്നാൽ ഈ കേസിൽ അധികമായി ഉണ്ടായ രണ്ടു ലിംഗങ്ങൾക്കും പ്രവർത്തിക്കാൻ കഴിയുമായിരുന്നില്ല. മൂന്നെണ്ണത്തിൽ ഒന്നിനു മാത്രമേ ഗ്ലാൻസ് അഥവാ തലഭാഗം ഉണ്ടായിരുന്നുള്ളു. ജനനസമയത്ത് കുട്ടിയുടെ ഈ പ്രശ്നം കണ്ടെത്തിയിരുന്നില്ല. മൂന്ന് മാസം പ്രായമായപ്പോൾ കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ വീക്കവും പുറത്തേക്ക് തള്ളിലും ഉണ്ടായപ്പോഴാണ് മാതാപിതാക്കൾ അവനെ ആശുപത്രിയിൽ എത്തിച്ചത്.