paytm

ന്യൂഡൽഹി: പേടിഎം സ്ഥാപകനും സിഇ‌ഒയുമായ വിജയ് ശേഖർ ശർമ്മയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഫെബ്രുവരി 22ന് പൊലീസ് വാഹനത്തിൽ ഇടിച്ച് കടന്നുകളഞ്ഞതിനെ തുടർന്നാണ് സംഭവം. ദക്ഷിണ ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ബെനിറ്റ മേരി ജയ്‌ക്കറുടെ ഔദ്യോഗിക വാഹനത്തിലാണ് വിജയ് തന്റെ ലാന്റ്‌റോവർ കാറുകൊണ്ട് ഇടിച്ചത്. സംഭവസമയത്ത് ഡിസിപിയുടെ ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.

മദേഴ്‌സ് ഇന്റർനാഷണൽ സ്‌കൂളിനു പുറത്തുവച്ച് കാറിൽ ഇടിച്ചശേഷം നിർത്താതെ പോകുകയായിരുന്നു. ഡ്രൈവർ നമ്പർ ഓർത്തുവച്ചശേഷം നടത്തിയ അന്വേഷണത്തിലാണ് ഒരു ബിസിനസ് ഗ്രൂപ്പിന്റെ വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് പിടികിട്ടിയത്. വൈകാതെ വാഹനഉടമ വിജയ് ശേഖർ ശർമ്മയാണെന്ന് മനസിലാക്കി. അലക്ഷ്യമായി വാഹനം ഓടിച്ചതിന് പൊലീസ് വിജയുടെ പേരിൽ കേസെടുത്ത് അറസ്‌റ്റ് ചെയ്‌തു. വൈകാതെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്‌തു.

2010ൽ മൊബൈൽ റീചാർജിംഗ് ആപ്പായാണ് വിജയ് ശേഖർ ശർമ്മ പേടിഎം സ്ഥാപിച്ചത്. വൈകാതെ മറ്റ് സേവനങ്ങൾക്കും ഉപയോഗിച്ചുതുടങ്ങി. അതിവേഗമുള‌ള വളർച്ച നേടിയ പേടിഎം വഴി വിജയുടെ സ്വത്തിൽ വൻ വർദ്ധനയുണ്ടായി. ഫോബ്‌സ് പുറത്തിറക്കിയ കണക്ക് പ്രകാരം 2.4 ബില്യൺ ഡോളറാണ് നിലവിൽ വിജയുടെ ആസ്‌തി.