nadungamuwa-raja

കൊളംബോ : ശ്രീലങ്കയുടെ അഭിമാനത്തിന്റെയും സർക്കാരിന്റെ കരുതലിന്റെയും പാത്രമായ ഗജരാജൻ നടുങ്ങാമുവ രാജ ഓർമ്മയായി. 68ാമത്തെ വയസിലാണ് ശ്രീലങ്കയ്ക്ക് അവരുടെ ഏറ്റവും പവിത്രമായ ആനയെ നഷ്ടപ്പെട്ടത്. തോക്കേന്തിയ സൈനികരുടെ അകമ്പടിയിൽ നിരത്തിലൂടെ എഴുന്നള്ളുന്ന രാജയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായിരുന്നു. 2015ൽ റോഡിലൂടെ കൊണ്ട് പോകവേ രാജയുടെ സമീപത്തായി ഒരു വാഹനാപകടം ഉണ്ടായതിന് പിന്നാലെയാണ് ആനയുടെ സുരക്ഷ ശക്തമാക്കാൻ ശ്രീലങ്കൻ സർക്കാർ തീരുമാനിച്ചത്. ഫലമോ അത്യാധുനിക തോക്കുകളും ഏന്തി നിരവധി സൈനികർ ആനയെ വലയം ചെയ്തായിരുന്നു പിന്നീട് രാജയുടെ രാജകീയ യാത്രകൾ.

ഇന്ത്യൻ ബന്ധം
ശ്രീലങ്കയുടെ അഭിമാനമായ രാജ ശരിക്കും ഇന്ത്യക്കാരനാണ്. 1953ൽ മൈസൂരിൽ ജനിച്ച രാജയെ മൈസൂർ കൊട്ടാരത്തിൽ നിന്നുമാണ് ശ്രീലങ്കയിലേക്ക് യാത്രയാക്കിയത്. ശ്രീലങ്കൻ സ്വദേശിയായ വൈദ്യന് രാജാവ് സമ്മാനമായിട്ടാണ് രാജയുൾപ്പടെ രണ്ട് ആനക്കുട്ടികളെ സമ്മാനിച്ചത്. രാജാവിന്റെ ബന്ധുക്കളിൽ ഒരാളുടെ അസുഖം ഭേദമാക്കിയതിനുള്ള സമ്മാനമായിട്ടാണ് ആനക്കുട്ടികളെ സമ്മാനിച്ചത്. എന്നാൽ ശ്രീലങ്കയിൽ എത്തിയ ശേഷമാണ് സമ്മാനമായി കിട്ടിയ
ആനകളെ പരിപാലിക്കാൻ ബുദ്ധിമുട്ടാണെന്ന കാര്യം വൈദ്യന് മനസിലായത്. തുടർന്ന് ആനകളെ മറ്റൊരാൾക്ക് കൈമാറി. ഇക്കാലയളവിൽ രാജ തടിമില്ലിൽ ഉൾപ്പടെ പണിയെടുത്തു. എന്നാൽ പിന്നീടാണ് പേരു പോലെ രാജകീയ ജീവിതം കൊമ്പന് കൈവന്നത്. 1978ൽ ധർമ്മ വിജയവേദ റാലഹാമി എന്ന് അറിയപ്പെടുന്ന ഒരു ആയുർവേദ ഡോക്ടർ ആനയെ വാങ്ങിയതോടെയാണ് ശരിക്കും രാജ എന്ന പേര് കൊമ്പന് ലഭിച്ചത്. നെടുങ്ങാമുവ എന്ന സ്ഥലത്തായിരുന്നു ഈ ഡോ്കടർ താമസിച്ചിരുന്നത്. അതിനാൽ ആനയെ നെടുങ്ങാമുവ രാജ എന്ന് വിളിക്കാൻ ആരംഭിച്ചു. രാജയ്ക്ക് 25 വയസായിരുന്നു അന്ന്.

അറുപത്തിയെട്ടാം വയസിലാണ് രാജ ചരിഞ്ഞത്. രാജയ്ക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ബുദ്ധമത ശവസംസ്‌കാര ചടങ്ങുകൾ നടത്തിയ ശേഷം ആനയുടെ മൃതശരീരം സ്റ്റഫ് ചെയ്യുന്നതിനായി കൊണ്ടുപോയി. ഭഗവാൻ ബുദ്ധന്റെ വിശുദ്ധ പല്ലിന്റെ അവശിഷ്ടം അടങ്ങിയ പേടകം ഒരു ദശാബ്ദത്തിലേറെയായി വഹിച്ചിരുന്നത് രാജയായിരുന്നു. ശ്രീലങ്കയിലെ പ്രശസ്തമായ എസാല പെരഹേര ഉത്സവത്തിനായിരുന്നു ഈ ചടങ്ങ് നടത്തിയിരുന്നത്. വർഷത്തിൽ ഒരിയ്ക്കൽ മാത്രമാണ് ഈ പെട്ടി ക്ഷേത്രത്തിൽ നിന്ന് പുറത്തു കൊണ്ട് പോകുന്നത്. ആനപ്രേമികളുടെ കണ്ണിലുണ്ണിയായിരുന്ന രാജയെ ശ്രീലങ്കയുടെ ദേശീയ നിധി എന്നാണ് പ്രസിഡന്റ് ഗോതബയ രാജപ്ക്സ വിശേഷിപ്പിച്ചത്.