ukraine

മരിയുപോൾ : യുക്രെയിനിനെ ശവപ്പറമ്പാക്കിക്കൊണ്ട് റഷ്യ കനത്ത ആക്രമണം തുടരുകയാണ്. ഓരോ ദിവസവും കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. 1,582 സാധാരണക്കാരായ ജനങ്ങളാണ് കഴിഞ്ഞ 12 ദിവസത്തിനിടെ കൊല്ലപ്പെട്ടിരിക്കുന്നത്. ആയിരക്കണക്കിന് ശവശരീരങ്ങളാണ് കുഴിമാടങ്ങളിൽ കൂട്ടത്തോടെ കിടത്തി സംസ്‌കരിക്കുന്നത്. മരുയുപോളിലെ കൂട്ടത്തോടെയുള്ള ശവസംസ്കാരങ്ങൾ യുക്രെയിൻ അനുഭവിക്കുന്ന ദുരന്തത്തിന്റെ വ്യാപ്‌തി ലോകത്തോട് വിളിച്ച് കാട്ടുകയാണ്.

യുക്രേനിയൻ സൈന്യത്തെ പരാജയപ്പെടുത്താൻ കഴിയാത്തതിനാൽ, നിരായുധരായ ആളുകൾക്ക് നേരെ പുടിൻ ബോംബിടുകയും മാനുഷിക സഹായം തടയുകയും ചെയ്യുന്നുവെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വീറ്റ് ചെയ്തു. റഷ്യയെ തടയാൻ ഞങ്ങൾക്ക് വിമാനങ്ങൾ ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

യുക്രെയിനിലെ തുറമുഖ നഗരമായ മരുയുപോൾ ഇപ്പോൾ റഷ്യയുടെ അധീനതയിലാണ്. മരിയുപോളിലെ സ്ഥിതി ഇപ്പോൾ അതി രൂക്ഷമാണ്. നിരപരാധികളായ സാധാരണക്കാരുൾപ്പെടെ ദാരുണമായി കൊല്ലപ്പെടുന്ന കാഴ്ചയാണ് കാണാനാകുന്നത്. നഗരത്തിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കപ്പെട്ടു. വീടുകൾ, ആശുപത്രികൾ , മറ്റ് കെട്ടിടങ്ങൾ മുതലായവ റഷ്യയുടെ ഷെല്ലാക്രമത്തിൽ തകർന്നിട്ടുണ്ട്. ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യൻ അധിനിവേശത്തിൽ ഇരു ഭാഗത്തും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നത്. ഇതുവരെ 12,000 ത്തിലധികം റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായാണ് യുക്രെയിൻ അവകാശപ്പെടുന്നത്.