
ബംഗളൂരു: പിങ്ക് ബോൾ ടെസ്‌റ്റിന്റെ രണ്ടാം ദിനത്തിലെ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ പിച്ച് ബൗളർമാരെ തുണയ്‌ക്കുന്ന സ്വഭാവം തുടരുകയാണ്. ആറ് വിക്കറ്റ് നഷ്‌ടത്തിൽ 86 റൺസ് എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്ക കേവലം 40 മിനുട്ടിനുളളിൽ 109ന് എല്ലാവരും പുറത്തായി. രണ്ട് വിക്കറ്റുകൾ വീതം നേടിയ ബുംറയും അശ്വിനുമാണ് ലങ്കൻ ബാറ്റിംഗ് നിരയെ തകർത്തടുക്കിയത്. 144 റൺസിന്റെ ലീഡാണ് ഇന്ത്യ നേടിയത്.
ഇന്നത്തെ രണ്ട് വിക്കറ്റോടെ ബുംറ ഒന്നാം ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 10 ഓവറുകളിൽ 24 റൺസ് വഴങ്ങിയാണ് ബുംറ അഞ്ച് വിക്കറ്റുകൾ നേടിയത്. 18 റൺസ് വഴങ്ങി 2 വിക്കറ്റ് നേടി ഷമിയും 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി അശ്വിനും ബുംറയ്‌ക്ക് നല്ല പിന്തുണയേകി. അക്‌സർ പട്ടേൽ 21 റൺസ് വഴങ്ങി ഒരുവിക്കറ്റ് നേടി. ലങ്കയ്‌ക്കായി ഏഞ്ചലോ മാത്യൂസ് 43 റൺസും നിരോഷൺ ഡിക്‌വെല്ല 21 റൺസും നേടി.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നിലവിൽ ഏഴ് ഓവറിൽ വിക്കറ്റ് നഷ്‌ടം കൂടാതെ 23 റൺസ് എന്ന നിലയിലാണ്. മയാങ്ക് അഗർവാൾ(9), നായകൻ രോഹിത്ത് ശർമ്മ (14) എന്നിവരാണ് ക്രീസിൽ.