
ന്യൂഡൽഹി: സാങ്കേതിക പിഴവിനെ തുടർന്ന് പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ മിസൈൽ പതിച്ച സംഭവത്തിൽ ഇന്ത്യ ഖേദം പ്രകടിപ്പിച്ചിരുന്നു. മാർച്ച് ഒൻപതിനാണ് ഹരിയാനയിലെ സിർസ ഭാഗത്തുനിന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലേക്ക് മിസൈൽ പറന്നുയർന്നത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഖനെവാൾ ജില്ലയിലെ മിയാൻ ചന്നു എന്ന പ്രദേശത്ത് വൈകുന്നേരം ആറരയോടെ മിസൈൽ പതിച്ചതെന്ന് പാക് സൈന്യം വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ആളുകൾക്ക് അപായം സംഭവിച്ചില്ലെങ്കിലും നാശനഷ്ടങ്ങളുണ്ടായി എന്നും പാകിസ്ഥാൻ ആരോപിച്ചിരുന്നു. ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിൽ മിസൈൽ വീണ സ്ഥലത്തിന്റെ ഫോട്ടോകളും, വീഡിയോയും വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ ചിത്രങ്ങളുടെ ആധികാരികതയെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല.
पाकिस्तान में गिरी हमारी खाली मिसाईल ने इतनी तबाही मचाई, सोचो फूल लोडेड होती तो क्या हाल हुआ होता ???
— Bharat Singh Chandrawat (@B_S_Chandrawat) March 12, 2022
🤣🤣🤣#Pakistan #missile #MianChunnu #MianChannu #IndianArmy pic.twitter.com/WwitSTt7c1
അബദ്ധത്തിൽ മിസൈൽ വിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇരു രാജ്യങ്ങളും ചേർന്ന് അന്വേഷണം നടത്തണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇത് ഇന്ത്യ പരിഗണിച്ചേക്കില്ല. ജനവാസ മേഖലയിലാണ് പതിച്ചതെങ്കിലും പോർമുന ഘടിപ്പിക്കാത്തതിനാൽ ആളപായമുണ്ടായില്ല. സംഭവത്തിൽ പാകിസ്ഥാൻ ഇസ്ലാമബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു.

അറ്റകുറ്റപ്പണിക്കിടെ സംഭവിച്ച സാങ്കേതിക പിഴവു മൂലം മിസൈൽ അബദ്ധത്തിൽ പറന്നുയർന്നതാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഇന്ത്യ ഉറപ്പാക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. അതിർത്തിയിൽ നിന്നും 124 കിലോമീറ്റർ ഉള്ളിലേക്ക് കടന്നുവന്ന ശേഷമാണ് പതിച്ചത്. മിസൈൽ പറന്നതിന്റെ സ്വഭാവം പരിഗണിച്ച് അത് ബ്രഹ്മോസാണെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യം സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.