
ഓരോ ജീവനും ഒരു ജലശരീരം പേറിയാണ് ഈ ഭൂമിയിൽ ചരിക്കുന്നത്. നമ്മുടെ ശരീരത്തിന്റെ ഏറിയ പങ്കും ജലമായിരിക്കെ, ഓരോ നദിയിലും ദർശിക്കേണ്ടത് നമ്മെ നിലനിറുത്തുന്ന ഈ ജീവനെത്തന്നെ. ആയിരക്കണക്കിനു വർഷങ്ങളായി, നദികൾ നമ്മെ ആശ്ലേഷിച്ചൊഴുന്നു. നമ്മിൽ ഊർജ്ജം നിറയ്‌ക്കുന്നു. ഈ സത്യം അറിഞ്ഞതു കൊണ്ടാണ് നമ്മുടെ പൂർവികർ നദികളെ ജീവദായിനികളായി ദർശിച്ചതും അവയ്‌ക്കായി പൂക്കൾ അർപ്പിച്ചതും.
നിർഭാഗ്യവശാൽ ഈ ഗ്രഹത്തിൽ, നമുക്കേറ്റവും അടുത്ത ബന്ധമുള്ള ജലാസ്രോതസുകളായ നദികൾ ശോഷിച്ചുകൊണ്ടിരിക്കുകയാണ്. ദശലക്ഷക്കണക്കിനു വർഷങ്ങളായി വറ്റാതെ ഒഴുകിക്കൊണ്ടിരുന്ന നമ്മുടെ നദികൾ നേരവും കാലവും നോക്കി മാത്രം ഒഴുകുന്നവയായി. നദി മറന്നുപോയ ഈ മണ്ണിന്റെ പൊള്ളൽ വടുക്കളിൽ ആര് ഔഷധലേപനം പുരട്ടും? അറിയുക, നമ്മുടെ നദികളെ ആശ്ലേഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മൗനം വെടിഞ്ഞ് നമുക്ക് കൈകോർക്കാം, നമ്മുടെ നദികൾ ഒഴുകിക്കൊണ്ടിരിക്കട്ടെ, പ്രപഞ്ചത്തിന്റെ ജീവനിൽ ഈർപ്പം പടർത്തട്ടെ.
ജലസംരക്ഷണത്തിന്റെ പാഠങ്ങളിൽ നാം ആദ്യം എഴുതിച്ചേർക്കേണ്ട വാക്കാണ് മരം. മരം കാരണമാണ് ജലം. കാടുകൾ അവസാനിച്ചാൽ പിന്നെ പുഴയില്ല. അതുകൊണ്ട് പുഴകൾക്കായി ആദ്യം മരങ്ങളെ പരിപോഷിപ്പിക്കണം. എന്നാൽ ഇന്ത്യയുടെ വലിയൊരു ഭാഗം കൃഷിഭൂമിയായിരിക്കെ, അതു നമുക്ക് വനമാക്കി മാറ്റാൻ കഴിയില്ല. നദിയുടെ ഇരുവശത്തുമായി കുറഞ്ഞത് ഒരു കിലോമീറ്ററും കൈവഴികളിൽ അരക്കിലോമീറ്ററും, എവിടെയെല്ലാം സർക്കാർ ഭൂമിയുണ്ടോ അവിടെയെല്ലാം മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതാണ് പരിഹാരം.
സ്വകാര്യഭൂമിയിൽ ഫലവൃക്ഷങ്ങൾ കൃഷിചെയ്യാൻ കർഷകർക്ക് സർക്കാർ സബ്സിഡി നൽകേണ്ടതുണ്ട്. കർഷകന്റെ വരുമാനം അഞ്ചു വർഷത്തിനുള്ളിൽ ഇരട്ടിയിലധികം ആകുമെന്നതിനാൽ ഇത് അവർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കും. നദികളെ എങ്ങനെ ചൂഷണം ചെയ്യാമെന്ന ചിന്തയിൽ നിന്ന് അവയെ എങ്ങനെ പുനരുജ്ജീവിപ്പിക്കാം എന്ന ആലോചനയിലേക്ക് നാം അടിയന്തരമായി മാറേണ്ടതുണ്ട്. നദികളെ സംരക്ഷിക്കാൻ ചടുലമായ ചുവടുകൾ വേണമെന്ന് രാജ്യത്തെ ബോധവത്കരിക്കണം. ഈ അവബോധം രാജ്യമാകെ പടർത്തുകയും അതിനായി ഒരു പൊതുനയത്തിൽ എത്തിച്ചേരുകയും വേണം. ആ നയം ഒരുനിമിഷവും വൈകാതെ നടപ്പിലാക്കിത്തുടങ്ങണം. വരുംതലമുറകൾക്കായുള്ള നമ്മുടെ ഏറ്റവും ശ്രേഷ്ഠമായ ചുവടുവയ്പായിരിക്കും അത്.