
കൊച്ചി: സ്വന്തമായി ഒരു വീടില്ല. കുഞ്ഞുചായക്കടയിൽ മറച്ചുകെട്ടിയ ഭാഗത്ത് അച്ഛനും അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം താമസം. പകൽ ചായക്കടയിൽ ജോലി. രാത്രി എൻട്രൻസിനായി ഓൺലൈനിൽ പഠനം. മെരിറ്റിൽ എം.ബി.ബി എസ് പ്രവേശനം.
ജീവിതദുരിതങ്ങളുടെ കരുത്തുമായി എഡ്ന എന്ന മിടുക്കി ആലപ്പുഴ മെഡിക്കൽ കോളേജിൽ ഈ മാസം 21ന് പഠിക്കാനെത്തും. പ്രതിസന്ധികളിൽ തളരാതെ വലിയൊരു ലക്ഷ്യവുമായി മുന്നേറിയ പെൺകരുത്ത് സ്വപ്ന സാക്ഷാത്കാരത്തിലേക്ക് യാത്ര തുടങ്ങുകയാണ്. എറണാകുളം തോപ്പുംപടി നസ്രത്ത് പള്ളിപ്പറമ്പിൽ ജോൺസൺ-ബിന്ദു ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവളാണ് എഡ്ന.
വാൻ ഡ്രൈവറായിരുന്നു ജോൺസൺ. 2019ൽ നട്ടെല്ലിനു തകരാർ സംഭവിച്ച് കിടപ്പിലായി. കടംകയറി വണ്ടി വിറ്റു. മക്കളുടെ പഠനം മുടങ്ങുമെന്ന സ്ഥിതിയായി. ഓട്ടോ ഓടിച്ചിരുന്ന ബിന്ദുവിന് ഭർത്താവിന്റെ ചികിത്സയും മക്കളുടെ പഠനച്ചെലവും വലിയ ഭാരമായി. എഴുന്നേറ്റു നടക്കാറായതോടെ ജോൺസൺ ഉന്തുവണ്ടിയിൽ ചായക്കച്ചവടം തുടങ്ങി. പിന്നീട് ഒരു ചായ്പ്പിൽ മറച്ചുകെട്ടി ഷീറ്റിട്ട് കട തുറന്നു. ഭാര്യയും മക്കളും സഹായത്തിനെത്തി. വാടകവീട് ഒഴിയേണ്ടിവന്നപ്പോഴാണ് ചായക്കടയിൽ താമസമാക്കിയത്. എഡ്നയുടെ മൂത്ത സഹോദരൻ സാമുവൽ ഹോട്ടൽ മാനേജ്മെന്റിനും ഇളയവൻ ജോയൽ ഒൻപതിലും പഠിക്കുന്നു.
സഹായം
പ്രവേശനം ലഭിച്ചതിന്റെ സന്തോഷത്തിലും സാമ്പത്തികം പ്രശ്‌നമാകുമെന്ന ആശങ്കയായിരുന്നു എഡ്‌നയ്‌ക്കും കുടുംബത്തിനും. 'നല്ല നസ്രത്തുകാരൻ' എന്ന നാട്ടിലെ വാട്‌സാപ് കൂട്ടായ്‌മ എഡ്‌നയുടെ വിവരവും സാമ്പത്തിക ബുദ്ധിമുട്ടുകളും പങ്കുവച്ചതോടെ നിരവധി പേർ വാഗ്ദാനങ്ങളുമായെത്തി. കാക്കനാട്ടെ സാന്ത്വനം ട്രസ്റ്റ് ഹോസ്റ്റൽ ഫീസുൾപ്പെടെ മുഴുവൻ ചെലവും ഏറ്റെടുത്തു. നസ്രത്തുകാർ എഡ്‌നയ്‌ക്ക് വേണ്ടി പിരിവെടുത്തു. തനിക്ക് മാത്രമായി സഹായം വേണ്ടെന്ന നിലപാടിലായിരുന്നു എഡ്‌ന. തനിക്കൊപ്പം എം.ബി.ബി.എസ് പ്രവേശനം നേടിയ പാവപ്പെട്ട കുടുംബങ്ങളിലെ രണ്ടു പേർക്കൂടി തുക വീതിച്ചു നൽകി.
'പിന്തുണച്ചവരോടെല്ലാം ഒരുപാട് നന്ദിയുണ്ട്. ഓർത്തോപീഡിക് വിഭാഗത്തിൽ എം.ഡിയെടുക്കണം. പിതാവിന്റെ നട്ടെല്ലിലെ രോഗമാണ് ഓർത്തോ പഠിക്കാൻ പ്രേരണ'.- എഡ്‌ന