india-pakistan-

ന്യൂഡൽഹി : അബദ്ധത്തിൽ ഇന്ത്യയിൽ നിന്നും പറന്നുയർന്ന് പാകിസ്ഥാനിലേക്ക് പറന്ന ഇന്ത്യൻ മിസൈൽ വിക്ഷേപണത്തിൽ പാകിസ്ഥാൻ നടത്തിയ പത്രസമ്മേളനം കളവുകൾ നിറഞ്ഞതായിരുന്നുവെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഹരിയാനയിലെ സിർസ ഭാഗത്തുനിന്നുമാണ് തങ്ങളുടെ അതിർത്തി ഭേദിച്ച് മിസൈൽ എത്തിയതെന്നാണ് പാകിസ്ഥാൻ അവകാശപ്പെട്ടത്. എന്നാൽ ഇത് പൂർണമായും തെറ്റായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. അതിർത്തിയിലെ അതീവ രഹസ്യമായ ഒരു സൈനിക താവളത്തിലാണ് പരീക്ഷണ വിക്ഷേപണം നടന്നത്. വ്യോമസേനയ്ക്ക് കീഴിലെ രഹസ്യ താവളത്തിലെ പരിശോധനയ്ക്കിടെ അബദ്ധം സംഭവിച്ചതാണെന്നാണ് കരുതുന്നത്. സിർസയെ മിസൈലുകളുടെ പരീക്ഷണത്തിനായി ഇന്ത്യ ഉപയോഗിക്കുന്നില്ല.

ഇതിന് പുറമേ ഇന്ത്യൻ മിസൈലിനെ കുറിച്ചുള്ള പാകിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ബാബർ ഇഫ്തിഖർ വാർത്താസമ്മേളനം തീർത്തും കളവുകൾ നിറഞ്ഞതായിരുന്നു. വിക്ഷേപണത്തെക്കുറിച്ച് ഇന്ത്യൻ ഭാഗത്ത് നിന്നും യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ലെന്നാണ് പാക് ഉദ്യോഗസ്ഥൻ പറഞ്ഞത്. എന്നാൽ അബദ്ധത്തിൽ മിസൈൽ വിക്ഷേപിച്ചതിന് തൊട്ടു പിന്നാലെ തന്നെ ഇക്കാര്യം ഇന്ത്യ പാകിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. ഇത് മറച്ച് വച്ച പാകിസ്ഥാൻ തങ്ങൾ ഇക്കാര്യം വെളിപ്പെടുത്തിയിട്ടാണ് ഇന്ത്യ പ്രതികരിച്ചതെന്നാണ് പറഞ്ഞത്. പാകിസ്ഥാൻ സൈനിക വക്താവിന്റെ വാർത്താ സമ്മേളനത്തിന് ശേഷമാണ് ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യത്തിൽ വിശദീകരണ കുറിപ്പ് ഇറക്കിയത്. എന്നാൽ പാകിസ്ഥാനെ നേരിട്ട് വിക്ഷേപണത്തിന് തൊട്ട് പിന്നാലെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.

ഇതിന് പുറമെ ഇന്ത്യൻ മിസൈലിന്റെ സഞ്ചാര പഥമായി പാകിസ്ഥാൻ പുറത്തുവിട്ട പാതയും തെറ്റായതാണ്. ഇത് മനസിലാക്കുന്നത് അതിർത്തി കടന്നെത്തിയ മിസൈൽ ട്രാക്ക് ചെയ്യുന്നതിൽ പാക് പ്രതിരോധ വിഭാഗം പരാജയപ്പെട്ടുവെന്നാണ്. തങ്ങളുടെ അതിർത്തി ഭേദിച്ച് മൂന്ന് മിനിട്ടും 44 സെക്കൻഡും കൊണ്ട് 124 കിലോമീറ്റർ പാക് ആകാശത്ത് മിസൈൽ സഞ്ചരിച്ചു എന്ന പാകിസ്ഥാന്റെ വെളിപ്പെടുത്തലും അവർക്ക് തന്നെ തിരിച്ചടിയാണ്. ഇത്രയും സമയം ലഭിച്ചിട്ടും പാകിസ്ഥാന്റെ ആകാശ പ്രതിരോധ സംവിധാനം പ്രവർത്തിച്ചില്ല, അവർക്ക് മിസൈലിനെ തടയാനും കഴിഞ്ഞില്ല. അടുത്തിടെയാണ് ചൈനയിൽ നിന്നും പാകിസ്ഥാൻ എയർ ഡിഫൻസ് സംവിധാനം വാങ്ങിയത്.

മിസൈൽ പാക് മണ്ണിൽ നിലം തൊട്ട് 24 മണിക്കൂറിലധികം കഴിഞ്ഞാണ് പാകിസ്ഥാൻ പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിവരിച്ചത്. ഇതും തെളിവുകൾ കൃത്രിമമായ ചമയ്ക്കുന്നതിന് വേണ്ടിയാവണം എന്നാണ് സംശയിക്കേണ്ടത്. എന്നാൽ ഈ സംഭവത്തിൽ ഇന്ത്യയുടെ അബദ്ധത്തിലുള്ള വിക്ഷേപണം എന്നതും പ്രതിരോധ വിദഗ്ദ്ധർക്കിടയിൽ ചർച്ചയാവുന്നുണ്ട്. ഇന്ത്യ ഔദ്യോഗികമായി പറഞ്ഞില്ലെങ്കിലും പാക് അതിർത്തി കടന്നത് ബ്രഹ്മോസ് ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരു പക്ഷേ പാകിസ്ഥാന്റെ എയർ ഡിഫൻസ് സിസ്റ്റത്തെ പരിശോധിക്കുവാനുള്ള ശ്രമമാകാം ഇന്ത്യ നടത്തിയത്. ഇതിൽ പാകിസ്ഥാൻ പരാജയപ്പെടുകയും, പിന്നീടു വന്ന വിശദീകരണത്തിലൂടെ നാണം കെടുകയും ചെയ്തു.