age-reversing

സാൻ ഡിയാഗോ: നിത്യ യൗവനം ആഗ്രഹിക്കാത്തവർ ആരാണുള്ളത്. പാലാഴി കടഞ്ഞ് ലഭിച്ച അമൃതിനായി ദേവന്മാരും അസുരന്മാരും തമ്മിൽ വലിയ യുദ്ധം നടത്തിയതു പോലും യൗവനം നിലനിറുത്താൻ വേണ്ടിയായിരുന്നു. അത്തരത്തിൽ നിത്യ യൗവനം നേടിയെടുക്കാനുള്ള പരീക്ഷണങ്ങളും പഠനങ്ങളും എത്രയോ കാലമായി ശാസ്ത്രം നടത്തി വരുന്നു. അത്തരത്തിലൊരു പഠനം വിജയത്തിലെത്തിച്ചിരിക്കുകയാണ് കാലിഫോർണിയയിലെ ഒരു കൂട്ടം ഗവേഷകർ. ശരീരത്തിലെ കോടിക്കണക്കിന് കോശങ്ങൾ വളരുകയും പ്രായമാവുകയും വിഭജിക്കുകയും ചെയ്യുകവഴിയാണ് നമ്മൾ വളർന്ന് വലുതാകുന്നത്. കോശവളർച്ചയുടെ ഗതി തലതിരിക്കാനായാൽ കോശം പ്രായമാവുന്നതും അതു വഴി ശരീരത്തിനെ വാർദ്ധക്യം ബാധിക്കുന്നതും തടയാനാവും.

സെല്ലുലാർ റെജുവിനേഷൻ അഥവാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് എലികളുടെ പ്രായം കുറച്ചു കൊണ്ടാണ് ശാസ്ത്രജ്ഞർ ഇപ്പോൾ ഈ മേഖലയിൽ വിജയം കൈവരിച്ചിരിക്കുന്നത്. കാലിഫോർണിയയിലെ സാൽക്ക് ഇൻസ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞരാണ് 'യമനാകാ ട്രാൻസ്‌ക്രിപ്ഷൻ' ( ഘടകങ്ങൾ എന്നറിയപ്പെടുന്ന തന്മാത്രകൾ ഉപയോഗിച്ച് എലികളുടെ കോശങ്ങളെ ഭാഗികമായി യുവത്വമുള്ളതാക്കി മാറ്റി അവയുടെ പ്രായം കുറച്ചത്. ശരീരത്തിൽ പല തരം കോശങ്ങളുണ്ട്. അവയിൽ ഓരോന്നിനും വിഭജിച്ച് അതിന്റെ തന്നെ തരമായി മാറാനെ കഴിയു. എന്നാൽ ഏതു കോശമായും മാറാൻ കഴിവുള്ള പ്രത്യേകതരം കോശങ്ങൾ നമ്മുടെ ശരീരത്തിലുണ്ട്. അവയാണ് വിത്തു കോശങ്ങൾ അഥവാ സ്‌റ്റെം സെല്ലുകൾ. ഈ വിത്തു കോശങ്ങളുടെ ഉത്പാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന നാല് പ്രോട്ടീൻ തന്മാത്രകളാണ് യമനാകാ ട്രാൻസ്‌ക്രിപ്ഷൻ ഘടകങ്ങൾ.

പല പ്രായത്തിലുള്ള എലികളുടെ ശരീരത്തിലേക്ക് ഈ തന്മാത്രകൾ കുത്തിവച്ച ശേഷം നടത്തിയ പരിശോധനയിൽ അവയുടെ വൃക്കകളും ചർമ്മവും പുനരുജ്ജീവനത്തിന്റെ അടയാളങ്ങൾ കാണിച്ചു. എന്നാൽ പ്രായം കുറഞ്ഞതിനു ശേഷം അവയുടെ ശരീരത്തിൽ കാൻസറോ അതു പോലെ മറ്റ് യാതൊരു ആരോഗ്യ പ്രശ്നങ്ങളുമോ ഉണ്ടായില്ല. എലികളിൽ അവരുടെ ചർമ്മകോശങ്ങൾ പെരുകാനുള്ള കഴിവ് കൂടുതലുള്ളതിനാൽ, പാടുകൾ ഉണ്ടാകാനുള്ള സാദ്ധ്യതയും കുറവാണ്. ഭാവിയിൽ ഈ പഠനത്തിന്റെ തുടർച്ച സുരക്ഷിതമായി മനുഷ്യരിലും നടത്താനാകും. അങ്ങനെയാണെങ്കിൽ ഇത് മനുഷ്യരുടെ ജൈവഘടികാരത്തെ തിരിക്കാൻ സഹായിക്കും. അതായത് മനുഷ്യരിലും കോശങ്ങൾ പ്രായമാകുന്നത് തടയാനാകും. കൂടാതെ ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ എന്നിവയുടെ അപകടസാധ്യതയും കുറയ്ക്കും.

എലികളിൽ നടത്തിയ ഈ പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ഇൻസ്റ്റിറ്റിയൂട്ടിലെ പ്രൊഫസറായ യുവാൻ കാർലോസ് ഇസ്പിസുവ ബെൽമോണ്ട പറഞ്ഞത്. സാധാരണ മൃഗങ്ങളിൽ പ്രായമാകുന്നത് മന്ദഗതിയിലാക്കാൻ ജീവിതകാലമത്രയും ഈ രീതി ഉപയോഗിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർദ്ധക്യ സഹജമായ രോഗങ്ങളെ നിയന്ത്രിക്കുന്നതിനു പുറമേ നാഡികൾ നശിക്കുന്നതിലൂടെയുണ്ടാകുന്ന ന്യൂറോ ഡീജെനറേറ്റീവ് ഡിസീസുകളായ അൽഷിമേഴ്സ് പോലെയുള്ള രോഗങ്ങളെ നിയന്ത്രിക്കാനും ഈ രീതിക്കാവുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. രോഗം ബാധിച്ചു കഴിഞ്ഞ ശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനവും പ്രതിരോധശേഷിയും മെച്ചപ്പെടുത്തി ശരീരകലകളെ പുനഃസ്ഥാപിച്ചുകൊണ്ട് ആരോഗ്യം വീണ്ടെടുക്കാവുന്ന തരത്തിലുള്ള ഒരു പുതിയ ചികിത്സാരീതിയായും ഇതു മാറും.

ഒക്ട്4, സൊക്സ്2, കെഎൽഎഫ്4, സിമൈക് എന്നിവയാണ് യമനാകാ ട്രാൻസ്‌ക്രിപ്ഷൻ ഘടകങ്ങളായ നാല് പ്രോട്ടീൻ തന്മാത്രകൾ. ഈ തന്മാത്രകളെ കോശങ്ങളിലേക്ക് കടത്തി വിടുന്നതിലൂടെ അവയെ ചെറുപ്പമാക്കി പുനഃക്രമീകരിക്കാൻ സാധിക്കുമെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ ജപ്പാൻ ശാസ്ത്രജ്ഞനായ ഡോ. ഷിന്യ യമനാകാ കണ്ടുപിടിച്ചിരുന്നു. ഇങ്ങനെ പുനഃക്രമീകരിക്കുന്ന കോശങ്ങളെ എമ്പ്രിയോണിക് സ്‌റ്റെം സെല്ലുകൾ അഥവാ ഭ്രൂണ വിത്തു കോശങ്ങൾ എന്നു വിളിക്കാം. ഈ കണ്ടുപിടിത്തത്തിന് അദ്ദേഹത്തിന് അന്ന് നോബൽ സമ്മാനവും ലഭിച്ചു. ഈ വിത്തു കോശങ്ങൾക്ക് ശരീരത്തിലെ ഏത് കോശമായും മാറാൻ സാധിക്കും. അതിനാൽ ഇവയ്ക്ക് കോശവിഭജനത്തിലൂടെ മറ്റു പല കോശങ്ങൾക്ക് ജന്മം നൽകാം. 2016ലാണ് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കാനും അകാല വാർദ്ധക്യ രോഗമുള്ള എലികളുടെ ആയുസ്സ് വർദ്ധിപ്പിക്കാനും യമനാകാ ഘടകങ്ങൾ ഉപയോഗിക്കാമെന്ന് ഈ ഗവേഷകർ ആദ്യമായി കണ്ടെത്തുന്നത്. സെല്ലുലാർ റെജുവിനേഷൻ വഴി എലികളിലെ പ്രായം കുറച്ചതിനെ പറ്റി ഒരു വീഡിയോയും സാൽക് ഇൻസ്റ്റിറ്റിയൂട്ട് പുറത്തിറക്കിയിട്ടുണ്ട്.