
ബതിന്ദാ: തിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് ശേഷം പഞ്ചാബിലെ ബതിന്ദയിലെ ഒരു സാധാരണ കുടുംബം അതിയായ സന്തോഷത്തിലാണ്. അവരുടെ കുടുംബത്തിലെ ഒരാൾ പഞ്ചാബ് തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ പരാജയപ്പെടുത്തിയിരിയ്ക്കുകയാണ്. ഒരു ചെറുകിട മൊബൈൽ ഷോപ്പ് ഉടമയായ ലഭ് സിംഗാണ് ബദൗർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ചരൺജിത് സിംഗ് ചന്നിയെ പരാജയപ്പെടുത്തിയത്. 37,000 ത്തിലേറെ വോട്ടുകൾക്കാണ് ആംആദ്മി സ്ഥാനാർഥിയായ ലഭ് സിംഗ് വിജയിച്ചത്.
തിരഞ്ഞെടുപ്പിൽ ലഭ് സിംഗ് മികച്ച വിജയം നേടിയെങ്കിലും തങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിൽ വലിയ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് ഇയാളുടെ കുടുംബം പറയുന്നത്. നിലവിൽ ചെയ്‌ത് കൊണ്ടിരിയ്ക്കുന്ന തൊഴിലുകൾ തുടരുമെന്ന് ഈ കുടുംബം പറയുന്നു. ലഭ് സിംഗിന്റെ അമ്മയായ ബൽദേവ് കൗർ പഞ്ചാബിലെ ഒരു സ്കൂളിലെ തൂപ്പുകാരിയാണ്. ഇനിയും ഈ തൊഴിൽ തുടരുമെന്ന് ബൽദേവ് കൗർ പറയുന്നു. ഞങ്ങളുടെ ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് തൂപ്പ് ജോലിയെന്നാണ് ഇവർ പറയുന്നത്.
തന്റെ മകൻ മുഖ്യമന്ത്രിയെ പരാജയപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും എന്നാൽ തൂപ്പ് ജോലി ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി തുടരുമെന്നും ബൽദേവ് കൗർ പറഞ്ഞു. ഞങ്ങളുടെ ജീവിത ചെലവുകൾ നടന്നിരുന്നത് ഈ ജോലിയിലൂടെയാണെന്ന് ഇവർ വിശദമാക്കി. ലഭ് സിംഗിന്റെ ഭാര്യ വീർപാൽ കൗർ തയ്യൽക്കാരിയായും പിതാവ് ദർശൻ സിംഗ് ട്രാക്ടർ ഡ്രൈവറായും ജോലി ചെയ്യുന്നു. ഇപ്പോഴുള്ള സാധാരണ ജീവിതം തുടരുമെന്ന് ലഭ് സിംഗിന്റെ ഭാര്യ വീർപാൽ കൗറും പറയുന്നു. പ്രശസ്തിയോട് കൂടിയുള്ള ജീവിതത്തോട് ആഗ്രഹമില്ലെന്നും ഇപ്പോഴുള്ള ഈ ജീവിതമാണ് സുഖകരമെന്നും വീർപാൽ കൗർ കൂട്ടിചേർത്തു.