
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയമേറ്റുവാങ്ങിയതിന് പിന്നാലെ കെ സി വേണുഗോപാലിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി. വ്യക്തികൾക്കെതിരായ ആക്രമണങ്ങൾ ശരിയല്ല. അത് കോൺഗ്രസിന്റെ രീതിയല്ല. നേതൃമാറ്റത്തെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യട്ടെയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വേണുഗോപാലിനെതിരെ കോഴിക്കോട് നഗരത്തിൽ ഫ്ളക്സ് ബോർഡുകൾ ഉയർന്നിരുന്നു. വേണുഗോപാലിനെ പുറത്താക്കുക, കോൺഗ്രസിനെ രക്ഷിക്കുക എന്നെഴുതിയ ബോർഡുകളാണ് സ്ഥാപിച്ചിരുന്നത്. കോൺഗ്രസ് കൂട്ടായ്മ എന്ന പേരിലുള്ള സംഘമാണ് ബോർഡുകൾ സ്ഥാപിച്ചത്.
കെ സി വേണുഗോപാലിനെതിരെ സി എം ഇബ്രാഹിമും ഇന്ന് രംഗത്തുവന്നിരുന്നു. കെ സി വേണുഗോപാലാണ് കോൺഗ്രസിനെ നശിപ്പിക്കുന്നതെന്നും അടുക്കള ഏജന്റുമാരാണ് കോൺഗ്രസിൽ ഭരിക്കുന്നതെന്നും ഇബ്രാഹിം ആരോപിച്ചു. അഴിമതിക്കാരായ നേതാക്കളോടാണ് ഹൈക്കമാന്റിന് താത്പര്യം. രാഹുൽ ഗാന്ധി പൂർണ പരാജയമാണ്. എങ്ങനെ നയിക്കണമെന്ന് രാഹുലിന് അറിയില്ല. ജനങ്ങളിൽ നിന്ന് കോൺഗ്രസ് അകന്നു. ഇതാണ് തിരിച്ചടിക്ക് കാരണമായതെന്നും ഇബ്രാഹിം പറഞ്ഞു.