
കൊച്ചി: വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട് ദയനീയ പ്രകടനം തുടരുന്ന കോൺഗ്രസിന് നേരെ വിമർശനവുമായി പ്രശസ്‌ത എഴുത്തുകാരൻ ടി.പത്മനാഭൻ. രാഹുൽഗാന്ധിയുടെ അമേഠിയിലെ പരാജയത്തിൽ വിമർശിച്ച അദ്ദേഹം കോൺഗ്രസിന്റെ പരാജയത്തിന് കാരണം കോൺഗ്രസുകാരാണെന്നും പറഞ്ഞു. എറണാകുളം ഡിസിസി സംഘടിപ്പിച്ച പോൾ പി മാണി ലൈബ്രറിയുടെയും സബർമതി പഠനഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനവേദിയിൽ സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളെ സാക്ഷിയാക്കിയാണ് ടി. പത്മനാഭൻ പാർട്ടിയെ നിശിതമായി
വിമർശിച്ചത്.
അട്ടയെപ്പോലെ ചിലർ അധികാരത്തിൽ കടിച്ചുതൂങ്ങിയതാണ് തോൽവികൾക്ക് പിന്നാലെയുളള തോൽവികൾക്ക് കാരണം.'എക്കാലത്തും അധികാരത്തിൽ അളളിപ്പിടിച്ചിരിക്കുക എന്നത് ദാരുണമാണ്. മനുഷ്യന് ആർത്തിയും ആഗ്രഹവുമുണ്ടാകാം. പക്ഷെ ദുരാർത്തിയും ദുരാഗ്രഹവും പാടില്ല. റോബർട്ട് വദ്ര രാഷ്‌ട്രീയത്തിലിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇനി വദ്ര വരാത്ത കുറവേ കോൺഗ്രസിനുളളു.' അദ്ദേഹം പറഞ്ഞു. രാഹുൽഗാന്ധിയ്‌ക്ക് നേരെയും ടി.പത്മനാഭൻ വിമർശനം തുടർന്നു. 'രാഹുൽ ഗാന്ധി തോറ്റത് സ്ഥിരമായി അമേഠി കിട്ടുമെന്ന് കരുതിയിട്ടാണ്. സ്‌മൃതി ഇറാനിയുടെ ആരാധകനല്ല ഞാൻ. ആവുകയുമില്ല. തോറ്റ ശേഷം അവർ സ്ഥിരമായി അവിടെ പോയി പ്രവർത്തിച്ചു. രാഹുൽ അഞ്ച് വർഷത്തിന് ശേഷമാണ് അവിടെ പോയത്.'
1940 മുതൽ കോൺഗ്രസുകാരനാണ് താൻ എന്ന് പറഞ്ഞ പത്മനാഭൻ തൊണ്ണൂറ്റിമൂന്നാം വയസിലും ഗാന്ധിയനായി തുടരുന്നതായും 1943മുതൽ ഖദർ ധരിക്കുന്നത് തുടരുന്നതായും അറിയിച്ചു. അധികാര രാഷ്‌ട്രീയത്തിലേക്ക് തനിക്കൊരിക്കലും താൽപര്യമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്‌ത്രിയുടെ വീട് സന്ദർശിച്ചതിനെക്കുറിച്ച് ഓർമ്മ പുതുക്കി. പണ്ടത്തെ നേതാക്കൾ ലാളിത്യത്തിന്റെ പ്രതീകങ്ങളായിരുന്നെന്ന് ശാസ്‌ത്രിയെക്കുറിച്ച് ഓർമ്മ പങ്കുവച്ച് ടി. പത്മനാഭൻ അഭിപ്രായപ്പെട്ടു.