
പുരുഷന്മാരിലുണ്ടാകുന്ന നിസാരമെന്ന് തോന്നുന്ന പ്രശ്നങ്ങൾ പോലും പലപ്പോഴും അവരുടെ പ്രത്യുൽപാദന വ്യവസ്ഥയെ ബാധിക്കാറുണ്ട്. ഇങ്ങനെ തുടക്കത്തിൽ നിസാരമെന്ന് കരുതി തള്ളിക്കളയുന്ന പ്രശ്നങ്ങളാണ് പലപ്പോഴും വന്ധ്യതയിലേയ്ക്ക് നയിക്കുന്നത്. പലപ്പോഴും ജീവിതശൈലിയും ഭക്ഷണക്രമവും ഇതിനെ സ്വാധീനിക്കാറുണ്ട്. ജനനേന്ദ്രിയത്തിലുണ്ടാകുന്ന വേദന, അസ്വസ്ഥതകൾ തുടങ്ങിയ ചെറിയ ലക്ഷണങ്ങൾ മാത്രമേ പലപ്പോഴും ഉണ്ടാകാറുള്ലു എങ്കിലും പിന്നീട് സംഭവിക്കാൻ പോകുന്നത് വലിയ പ്രശ്നങ്ങളാണ്. തുടക്കത്തിലേ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വന്ധ്യത തടയാം.
1. മദ്യപാനവും പുകവലിയും
പുരുഷന്റെ പ്രത്യുൽപ്പാദന ശേഷിയെ സാരമായി ബാധിക്കുന്ന ഒന്നാണ് പുകവലിയും മദ്യപാനവും. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറച്ച് ഉദ്ധാരണക്കുറവ് ഉണ്ടാകുന്നതിന് കാരണമാകുന്നു. അതിനാൽ പുരുഷന്മാരുടെ ലൈംഗികാരോഗ്യം നിലനിർത്തുന്നതിന് പുകവലിയും മദ്യപാനവും ദോഷം ചെയ്യും.
2.സമ്മർദം
അമിതമായ സമ്മർദം പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. അതുകൊണ്ടുതന്നെ പുരുഷന്റെ പ്രത്യുൽപ്പാദന ശേഷിയെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് സമ്മർദം.
3. അമിതവണ്ണം
അമിതവണ്ണം പുരുഷന്മാരിൽ വന്ധ്യത ഉണ്ടാകുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു. അമിതമായ ശരീരഭാരം ബീജത്തിൽ ഡിഎൻഎ വ്യതിയാനങ്ങൾക്കും മറ്റ് നിരവധി പ്രശ്നങ്ങളിലേയ്ക്കും നയിക്കും.
4.വ്യായാമം
വ്യായമത്തിന്റെ കുറവ് ശരീരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ശാരീരിക പ്രവർത്തനങ്ങളുടെ കുറവ് ബീജത്തിന്റെയും അളവ് കുറയ്ക്കുന്നതിനും ലൈംഗിക താൽപ്പര്യം കുറയുന്നതിനും കാരണമാകും. മാത്രമല്ല ഇത് ശരീരത്തിന്റെ മുഴുവൻ പ്രതിരോധ ശേഷിയെയും ബാധിക്കുന്നു.
5.സ്വയം ഡോക്ടറാവുക
ഏതസുഖത്തിനും ഡോക്ടറെ കാണാതെ സ്വയം മരുന്ന് വാങ്ങി കഴിക്കുന്ന ശീലം മലയാളികൾക്ക് പുതിയ കാര്യമല്ല. നിസാര പ്രശ്നങ്ങൾക്ക് പോലും ധാരാളം മരുന്നുകൾ കഴിക്കുന്നത് ശരീരത്തിൽ സ്വാഭാവികമായി ബീജം ഉൽപ്പാദിപ്പിക്കുന്നതിന്റെ അളവ് കുറയ്ക്കുന്നു. ഇത് നിരവധി പാർശ്വഫലങ്ങൾ ശരീരത്തിലുണ്ടാകുന്നതിന് കാരണമാകുന്നു.