
ചണ്ഡീഗഢ് : ഡൽഹിക്കു പുറമേ പഞ്ചാബിലും ഭൂരിഭാഗം സീറ്റുകളും തൂത്തുവാരിയ ആം ആദ്മി പാർട്ടി രാഷ്ട്രീയത്തിലെ പതിവ് രീതികൾ ഉപേക്ഷിച്ച് ശ്രദ്ധ നേടുന്നു. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ആയാൽ മിക്ക സംസ്ഥാനത്തും ജയിച്ച സ്ഥാനാർത്ഥികൾ നേരെ തലസ്ഥാനം ലക്ഷ്യമാക്കി തങ്ങുക പതിവാണ്. ഉയർന്ന നേതാക്കളെ സ്വാധീനിച്ച് മന്ത്രിസഭയിൽ കയറിപ്പറ്റാനാകുമോ എന്നതാണ് അവർ ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ ഈ പ്രവർത്തി ആപ്പിൽ നടപ്പില്ലെന്ന് ഉറപ്പായി. പഞ്ചാബ് തലസ്ഥാനത്തെത്തിയ എം എൽ എമാരെ തിരികെ മണ്ഡലങ്ങളിലേക്ക് അയച്ചിരിക്കുകയാണ് പാർട്ടി നേതൃത്വം. അവിടെ പോയി പണി ആരംഭിക്കുവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
പഞ്ചാബ് തലസ്ഥാനത്തെ ഹോട്ടലിൽ വച്ച് എം എൽ എമാരുമായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഭഗവന്ത് മാൻ പാർട്ടിയുടെ നയം വിശദീകരിച്ചു. തങ്ങളുടെ മണ്ഡലത്തിൽ ചെന്ന് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനാണ് നൽകിയ ആദ്യ നിർദ്ദേശം. ഇതിന്റെ ഭാഗമായി നിയുക്ത എം എൽ എമാർ തങ്ങളുടെ മണ്ഡലത്തിലെ ആശുപത്രികളും, വിദ്യാലയങ്ങളും സന്ദർശിച്ച് അവിടത്തെ പ്രശ്നങ്ങളും, ആവശ്യങ്ങളും ഉദ്യോഗസ്ഥരുമായി ചോദിച്ച് മനസിലാക്കി.
മാർച്ച് പതിനാറിനാണ് ആം ആദ്മി സർക്കാർ പഞ്ചാബിൽ അധികാരമേൽക്കുന്നത്. മുഖ്യമന്ത്രിയെ കൂടാതെ പതിനേഴ് മന്ത്രിമാർ ക്യാബിനറ്റിലുണ്ടാകും. എന്നാൽ മന്ത്രിമാരാകാൻ അവസരം ലഭിക്കാത്ത എം എൽ എമാർ പിരഭവപ്പെടേണ്ടെന്നും എല്ലാ എംഎൽഎമാർക്കും മന്ത്രിമാരെപ്പോലെ ചുമതലകൾ നൽകുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു. പഞ്ചാബിൽ വൻ വിജയം നേടിയ ആം ആദ്മി പാർട്ടി 117 നിയമസഭാ സീറ്റുകളിൽ 92 സീറ്റുകളും നേടിയാണ് സർക്കാർ രൂപീകരിക്കാൻ തയ്യാറെടുക്കുന്നത്.