nasa-open-sample

വാഷിംഗ്ടൺ: 50 വർഷം പഴക്കമുള്ള ചാന്ദ്ര സാമ്പിൾ തുറന്ന് പരിശോധിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. അവസാന അപ്പോളോ മിഷനായ അപ്പോളോ 17ലെ യാത്രക്കാർ കൊണ്ടുവന്ന ശിലകളിൽ അവസാനത്തേതാണ് പരിശോധിക്കുന്നത്. നാസയുടെ അപ്പോളോ മിഷനുകൾ ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്ക് മൊത്തം 2196 ശിലാ സാമ്പിളുകളാണ് കൊണ്ടുവന്നത്.


1972 ഡിസംബറിലാണ് ബഹിരാകാശയാത്രികരായ ഹാരിസൺ ഷ്മിറ്റ്, യൂജിൻ സെർനാൻ എന്നിവർ ഇത് ശേഖരിച്ച് ഭൂമിയിലെത്തിച്ചത്. അന്ന് ഇത് സമഗ്രമായി പഠിക്കാനുള്ള ഉപകരണങ്ങൾ നിലവിലില്ലാത്തതിനാലാണ് അവയെ ഇത്രയും നാൾ സംഭരിച്ചു വച്ചിരുന്നത്. ഹ്യൂസ്റ്റണിലെ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്.


ആർട്ടെമിസ് ചാന്ദ്ര ദൗത്യത്തിൽ ബഹിരാകാശയാത്രികർ നടക്കുന്ന ചന്ദ്രന്റെ ഉപരിതലത്തെ നന്നായി മനസ്സിലാക്കാനാണ് സാമ്പിളുകൾ ഉപയോഗിക്കുക. നാസയുടെ അടുത്ത ചാന്ദ്രദൗത്യമാണ് ആർട്ടെമിസ്. 2025ൽ മനുഷ്യനെ ചന്ദ്രനിലേക്ക് തിരിച്ചയക്കാനാണ് ഏജൻസി ആഗ്രഹിക്കുന്നത്. വാക്വം സീൽ ചെയ്ത കണ്ടെയ്നർ തുറക്കാൻ ശാസ്ത്രജ്ഞർ അപ്പോളോ കാൻ ഓപ്പണർ എന്ന് വിളിക്കുന്ന ഒരു ഉപകരണമാണ് ഉപയോഗിച്ചത്.