 
കൊച്ചി: വേമ്പനാട് കായലിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ട് കക്ക വാരുമ്പോൾ സുനിതയുടെ മനസിൽ നിറയെ ഭർത്താവിന്റെയും മക്കളുടേയും മുഖമാണ്. ഭർത്താവിന് ചികിത്സ ഉറപ്പാക്കണം, മകളുടെ സിവിൽ സർവീസ് മോഹത്തിന് താങ്ങാകണം, മകന്റെ പഠനച്ചെലവ് കണ്ടെത്തണം.. വാരിയ കക്കകൾ പുഴുങ്ങി വീടുകൾത്തോറും കയറിയിറങ്ങി വിറ്റുകിട്ടുന്ന തുച്ഛമായ തുകയാണ് ചേർത്തല പാണാവള്ളി ചെട്ടുപറമ്പിൽ സുനിതയുടെ പ്രതീക്ഷകളുടെ ഭാരത്തിന് കൈത്താങ്ങാകുന്നത്.
മത്സ്യത്തൊഴിലാളിയായിരുന്ന ഭർത്താവ് സി.പി. രാജേന്ദ്രന്റെ ഇരുവൃക്കകളും തകരാറിലാണ്. ഹൃദയ സംബന്ധമായ അസുഖവുമുണ്ട്. അതോടെ ഒരുകൊല്ലംമുമ്പ് കുടുംബം പുലർത്തേണ്ട ചുമതല സുനിത ഏറ്റെടുത്തു. ഭർത്താവിന്
ആഴ്ചയിൽ മൂന്നുതവണ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യാൻ മാത്രം 9000 രൂപ വേണം. വീടും സ്ഥലവും പണയപ്പെടുത്തിയും സമുദായ സംഘടനയുടെയും നാട്ടുകാരുടെയും സഹായംകൊണ്ടുമാണ് ചികിത്സ ആരംഭിച്ചത്. 10 ലക്ഷത്തിലധികം രൂപ ഇതിനകം ചെലവായി.
ഡിഗ്രിക്ക് മൂന്നാം വർഷം പഠിക്കുന്ന മകൾ അനുഗ്രഹയുടേയും ഏഴാം ക്ളാസുകാരനായ മകൻ ആകർഷിന്റെയും പഠനച്ചെലവും തുച്ഛവരുമാനത്തിൽ നിന്നുവേണം കണ്ടെത്താൻ. സുനിതയുടെ അവസ്ഥ മനസിലാക്കി കൂട്ടുകാരി ലളിതയും കക്ക വാരുന്നതിൽ ഇപ്പോൾ സഹായത്തിനുണ്ട്.
''
മകൾക്ക് എസ്.എസ്.എൽ.സിക്കും പ്ളസ്ടുവിനും എല്ലാ വിഷയത്തിനും എ പ്ളസ് ഉണ്ടായിരുന്നു.
കോളേജിലെ ഏറ്റവും മികച്ച വിദ്യാർത്ഥിനിയാണ്. സിവിൽ സർവീസാണ് സ്വപ്നം. മകനും പഠിക്കാൻ മിടുക്കനാണ്.
- സുനിത